വാഷിംങ്ടണ്‍: ഭരണഘടന വിഭാവനം ചെയ്യുന്ന എല്ലാ സ്വാതന്ത്ര്യവും ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ച് നല്‍കണമെന്ന് യുഎസ് മത സ്വാതന്ത്ര്യ റിപ്പോര്‍ട്ട്. രാജ്യത്ത് ജാതിയുടെയും മതത്തിന്റെയും പേരില്‍ നടക്കുന്ന അക്രമങ്ങള്‍ ചൂണ്ടികാട്ടിയാണ് യുഎസിന്റെ റിപ്പോര്‍ട്ട്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പുറത്തിറക്കിയ ‘2019 അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോര്ട്ടി’ലാണ് ഇന്ത്യയില്‍ നടക്കുന്ന മതസ്വാതന്ത്ര്യ ലംഘനത്തിന്റെ സുപ്രധാന സംഭവങ്ങള്‍ യുഎസ് കോണ്‍ഗ്രസ് രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍, ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള അവകാശങ്ങളുടെ കാര്യത്തില്‍ ഒരു വിദേശ ഗവണ്മെന്റിന് അഭിപ്രായം പറയാന്‍ അനുവാദമില്ലെന്ന് പറഞ്ഞ് ഇന്ത്യന്‍ സര്‍ക്കാര്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് നിരസിച്ചിരുന്നു. മതസ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നതിന്റെ പ്രാധാന്യവും ഭരണകക്ഷികളോടും പ്രതിപക്ഷ പാര്‍ട്ടികളോടും സമൂഹത്തോടും മതസ്വാതന്ത്ര്യ പ്രവര്‍ത്തകരോടും വിവിധ വിശ്വാസ സമുദായങ്ങളിലെ മതനേതാക്കളോടും സഹിഷ്ണുതയും പരസ്പര ബഹുമാനവും പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രാധാന്യം യുഎസ് സര്‍ക്കാര്‍ അടിവരയിട്ടു പറയുന്നുണ്ട്.
കഴിഞ്ഞ ഓഗസ്റ്റില്‍ ജമ്മു കശ്മീരിലെ പ്രത്യേക പദവി അസാധുവാക്കിയതിനെക്കുറിച്ചും ഡിസംബറില്‍ പൗരത്വ ഭേദഗതി നിയമത്തിന് (സിഎഎ) പാര്‍ലമെന്റില്‍ നല്കിയ അംഗീകാരത്തെക്കുറിച്ചും റിപ്പോര്‍ട്ട് പ്രതിപാദിക്കുന്നു. ഭരണകക്ഷിയായ ബിജെപി ഉള്‍പ്പെടെയുള്ള ഹിന്ദു ഭൂരിപക്ഷ പാര്‍ട്ടികളിലെ ചില ഉദ്യോഗസ്ഥര്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ പരസ്യമായ പരാമര്‍ശങ്ങളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും നടത്തിയെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.
കൂടാതെ, പശുവിന്റെ പേരില്‍ ഏറെ ജാഗ്രത പുലര്‍ത്തിയ സര്‍ക്കാര്‍ കുറ്റവാളികളെ വിചാരണ ചെയ്യുന്നതില്‍ പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കൊലപാതകം, ആള്‍ക്കൂട്ട അക്രമം, ഭീഷണിപ്പെടുത്തല്‍ എന്നിവയിലും അധികാരികള്‍ക്ക് വേണ്ട നടപടിയെടുക്കാന്‍ ആയിട്ടില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാട്ടി. ചില എന്‍ജിഒകളുടെ അഭിപ്രായത്തില്‍, അധികാരികള്‍ പലപ്പോഴും കുറ്റവാളികളെ പ്രോസിക്യൂഷനില്‍ നിന്ന് സംരക്ഷിക്കുകയും ഇരകള്‍ക്കെതിരെ കുറ്റം ചുമത്തുകയുമാണ് ചെയ്യുന്നതെന്ന് യുഎസ് മത സ്വാതന്ത്ര്യ റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlight: US religious freedom report shows concern over to ensure protection of minorities in India