ന്യൂഡല്‍ഹി: രാജ്യത്തുടനീളം കൊവിഡ് പ്രതിരോധത്തിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍. സംസ്ഥാനത്തിന്റെ കൊവിഡ് വ്യാപനം പരിഗണിച്ച് ലോക്ക്ഡൗണ്‍ നീട്ടുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ കൊവിഡ് തീവ്രബാധിത പ്രദേശമായ ഡല്‍ഹിയിലെ കൊവിഡ് കേസുകള്‍ 34,000 കടന്നു. 1,085 മരണങ്ങളാണ് ഇതുവരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം നിരീക്ഷണത്തില്‍ പോയിരുന്നു. അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു.
കൊവിഡ് മരണത്തിലെ പിഴവുകളെ പറ്റി കഴിഞ്ഞ ദിവസം ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പൊറേഷന്‍ നടത്തിയ പരാമര്‍ശത്തില്‍, അവര്‍ കൃത്യമായ വിവരങ്ങള്‍ അയക്കട്ടെ എന്നായിരുന്നു ജെയിന്റെ പ്രതികരണം. ഒരു ദിവസം മരിക്കുന്ന കൊവിഡ് രോഗികളുടെ എണ്ണം 2000ത്തോളമുണ്ടെന്ന് ചൂണ്ടികാട്ടിയായിരുന്നു മുന്‍സിപ്പല്‍ കോര്‍പൊറേഷനിലെ മുതിര്‍ന്ന ബിജെപി നേതാക്കളുടെ വിമര്‍ശനം. എന്നാല്‍, ആരോപണത്തെ തള്ളി ഡല്‍ഹി നേതൃത്വം രംഗത്തെത്തിയിരുന്നു. ഇത് രാഷ്ട്രീയ വൈരങ്ങള്‍ക്കുള്ള സമയമല്ലെന്നും ഒന്നിച്ച് നിന്ന് പോരാടണമെന്നും അവര്‍ പ്രതികരിച്ചു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,000ത്തിലധികം കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തോടടുക്കാറായി. മഹാരാഷ്ട്രയാണ് രാജ്യത്ത് ഏറ്റവുമധികം കൊവിഡ് ബാധിതരുള്ള സംസ്ഥാനം. തമിഴ്‌നാടും ഡല്‍ഹിയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.
Content Highlight: Delhi Health Minister says, Lock down will not extended in the State