തൃശൂര്‍: കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ താല്കാലികമായെങ്കിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ എംപി ടിഎന്‍ പ്രതാപന്. 14 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ മാത്രം തൃശൂരില്‍ രോഗം സ്ഥിരീകരിച്ചത്. ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും അടിയന്തിരമായി വിഷയത്തില്‍ തീരുമാനമെടുക്കണമെന്നും എംപി ആവശ്യപ്പെട്ടു. ഇന്ന് ഉച്ചക്ക് ശേഷം തൃശൂരിന്റെ ചുമതലയുള്ള മന്ത്രി എ സി മൊയ്ദീന് യോഗം വിളിച്ചിട്ടുണ്ട്.
ഇന്നലെ 25 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. അതില്‍ 14 പേര്‍ക്കും രോഗം ലഭിച്ചത് സമ്പര്‍ക്കം വഴിയാണ്. കൂടുതല്‍ നിയന്ത്രണങ്ങള്‍ ജില്ലയില്‍ ഏര്‍പ്പെടുത്താനാണ് സാധ്യത. രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര് വെയര്‍ഹൗസ് തൊഴിലാളികളാണ്. നിയന്ത്രണത്തിന്റെ ഭാഗമായി സെന്‍ട്രല്‍ വെയര്‍ ഹൗസ് അടച്ചു. തൃശൂര്‍ കോര്‍പൊറേഷന്‍ ഓഫീസിലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. കോര്പൊറേഷനിലെ ശുചീകരണ തൊഴിലാളികളായ നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
വിദേശത്ത് നിന്ന് വന്നവരുടെ ഉത്തരവാദിത്തമില്ലായ്മയാണ് സാഹചര്യം വഷളാക്കിയതെന്ന് മന്ത്രി എ സി മൊയ്ദീന് പറഞ്ഞു. തൃശൂര്‍ ജില്ലയില്‍ മാത്രം 145 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നത്. 14 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
Content Highlight: Thrissur in worse situation, Complete lock down asked by MP T N Prathapan