അസമിൽ കൊവിഡ് രോഗിയെ പേരുമാറി ഡിസ്ചാർജ് ചെയ്തു; ഗുരുതര വീഴ്ച

Assam hospital discharges wrong Covid-19 patient

അസം ഗുവാഹത്തിയിൽ കൊവിഡ് രോഗിയുടെ പേരുമാറി ഡിസ്ചാർജ് ചെയ്തത് ആശങ്ക ഉയർത്തുന്നു. കൊവിഡ് നെഗറ്റീവ് ആയവരുടെ ലിസ്റ്റ് വായിക്കുന്നതിനിടെ രോഗികളുടെ പേര് പരസ്‌പരം തെറ്റി കേട്ടതാണ് വീഴ്‌ചയ്‌ക്ക് കാരണമായത്. ഒരുപോലെ ഉച്ചരിക്കപ്പെടുന്ന രണ്ട് പേരുകളാണ് കൊവിഡ് വാർഡിൽ ഉണ്ടായിരുന്നത്. ഇതിൽ നെഗറ്റീവ് ആയ ആളുടെ പേര് വായിച്ചപ്പോൾ പോസിറ്റീവ് ആയ ആളാണ് വിളി കേട്ടത്. ഇയാളെ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌തു. നെഗറ്റീവ് ആയ വ്യക്തി ആശുപത്രിയിൽ തുടരുകയാണ്. പോസിറ്റീവ് ആയി തുടരുന്ന വ്യക്തി വീട്ടിലെത്തിയ ശേഷമാണ് ആശുപത്രി അധികൃതർ ഇക്കാര്യം അറിയുന്നത്.

അസമിലെ ഒരു സിവിൽ ആശുപത്രിയിലാണ് സംഭവം. കൊവിഡ് മുക്തരുടെ പട്ടികയിൽ ഹമീദ് അലി എന്ന പേരുണ്ടായിരുന്നു. ഹമീദ് അലിയുടെ പേരടക്കം 14 കൊവിഡ് മുക്തരാണ് പട്ടികയിലുണ്ടായിരുന്നത്. അതേ വാർഡിൽ ഹനീഫ് അലി എന്നു പേരുള്ള കൊവിഡ് ബാധിതൻ ഉണ്ടായിരുന്നു. ഇയാൾക്ക് കൊവിഡ് ഫലം നെഗറ്റീവ് ആയിട്ടില്ല. ഫലം നെഗറ്റീവ് ആയവരുടെ പട്ടിക വായിക്കുന്നതിനിടെ ഹമീദ് അലിയുടെ പേരും വായിച്ചു. എന്നാൽ, വിളി കേട്ടത് ഹനീഫ് അലിയാണ്.

മാസ്‌ക് ധരിച്ച് പേരുവിളിച്ചതാണ് ഇങ്ങനെയൊരു അവസ്ഥയുണ്ടാകാൻ കാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. പേരുമാറി കൊവിഡ് രോഗിയെ വീട്ടിലേക്ക് അയച്ചെന്ന് വ്യക്തമായതോടെ ആശുപത്രി ജീവനക്കാർ ഉടൻ നടപടി സ്വീകരിച്ചു. അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ എത്തിച്ചു. രണ്ട് ദിവസങ്ങൾക്ക് ശേഷം ടെസ്റ്റ് നടത്തിയപ്പോൾ ഹനീഫ് അലിക്കും കൊവിഡ് നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു.

content highlights: Assam hospital discharges wrong Covid-19 patient