കൊവിഡ് പ്രതിരോധം വിലയിരുത്തുന്നതിനായി പ്രധാന മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത തല യോഗം ചേർന്നു

PM Modi Meets Senior Ministers To Review India's Response To COVID-19 Crisis

രാജ്യത്തെ കൊവിഡ് പ്രതിരോധം വിലയിരുത്തുന്നതിനായി പ്രധാന മന്ത്രി നരേന്ദ്ര മോദിയും ഉന്നതോദ്യോഗസ്ഥരുമായി യോഗം ചേർന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്ഥിതിഗതികൾ യോഗത്തിൽ ചർച്ച ചെയ്തതായി സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.

രാജ്യത്തെ നിലവിലെ കോവിഡ് വ്യാപനം സംബന്ധിച്ച് വിവരങ്ങൾ നീതി ആയോഗ് അംഗം ഡോ. വിനോദ് പോള്‍ യോഗത്തില്‍ വിവരിച്ചു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണത്തില്‍ മൂന്നില്‍ രണ്ടും അഞ്ച് സംസ്ഥാനങ്ങളിലാണുള്ളതെന്നും ഈ സംസ്ഥാനങ്ങളിലെ വൻ നഗരങ്ങളിൽ രോഗം വ്യാപകമായി വ്യാപിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ധേഹം വ്യക്തമാക്കി. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമായി ചർച്ച ചെയ്ത് അടിയന്തര പദ്ധതികൾ നടപ്പാക്കാൻ ആരോഗ്യ മന്ത്രാലയത്തോട് പ്രധാന മന്ത്രി നിർദേശിച്ചു.

വര്‍ഷകാലത്തിന് മുന്നോടിയായി ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താനും അദ്ദേഹം നിര്‍ദേശം നല്‍കി. ഡൽഹിയിൽ രോഗബാധ വ്യാപകമാകുന്ന സാഹചര്യം പരിഗണിച്ച് മുഖ്യമന്ത്രി, ലഫ്റ്റനന്റ് ഗവര്‍ണര്‍ എന്നിവരുമായി അടിയന്തിരമായി ചര്‍ച്ചനടത്തി രോഗബാധ നിയന്ത്രിക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രി, ആരോഗ്യ മന്ത്രി എന്നിവരോട് പ്രധാനമന്ത്രി നിര്‍ദേശിച്ചു

Content Highlights; PM Modi Meets Senior Ministers To Review India’s Response To COVID-19 Crisis