ഓൺലെെൻ ക്ലാസുകളുടെ ട്രയൽ അവസാനിച്ചു; തിങ്കളാഴ്ച മുതൽ വിക്ടേഴ്സിൽ രണ്ടാം ഘട്ട ക്ലാസുകൾ ആരംഭിക്കും

second phases of online classes will start on Monday

സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കായുള്ള ഫസ്റ്റ്ബെൽ പദ്ധതിയിലെ രണ്ടാം ഘട്ട ഓൺലെെൻ ക്ലാസുകളുടെ സംപ്രേഷണം തിങ്കളാഴ്ച ആരംഭിക്കുന്നു. നേരത്തെ അറിയിച്ചിട്ടുള്ള സമയക്രമത്തിൽ തന്നെ ആയിരിക്കും പുതിയ വിഷയങ്ങളടങ്ങിയ ക്ലാസുകൾ സംപ്രേഷണം ചെയ്യുക. ആദ്യ ക്ലാസുകൾക്ക് മികച്ച പ്രതികരണമാണ് കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ലഭിച്ചത്. അതേസമയം ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാധ്യമാവാത്ത രണ്ടരലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്തുള്ളതുകൊണ്ട് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ സംവിധാനത്തിനുള്ള സാഹചര്യമൊരുക്കിക്കൊണ്ടായിരിക്കും രണ്ടാം ഘട്ട പഠനം. 

സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയും സന്നദ്ധ സംഘടനകള്‍ വഴിയും പരമാവധി പേര്‍ക്ക് സൗകര്യം ഉറപ്പാക്കാന്‍ സാധിച്ചെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് രണ്ടാം ഘട്ടം ആരംഭിക്കാനൊരുങ്ങുന്നതെന്ന് വിക്ടേഴ്‌സ് ഡയറക്ടര്‍ അന്‍വര്‍ സാദത്ത് പറഞ്ഞു. ജൂണ്‍ ഒന്നു മുതലാണ് സംസ്ഥാനത്ത് ഓണ്‍ലൈന്‍ ആയി ക്ലാസുകള്‍ ആരംഭിച്ചത്. ആദ്യ ഒരാഴ്ച ഒരേ പാഠ ഭാഗങ്ങള്‍ തന്നെയാണ് വിക്ടേഴ്‌സ് ചാനല്‍ വഴി കാണിച്ചിരുന്നത്.

വിക്ടേഴ്‌സ് വെബിൽ 27 ടെറാബൈറ്റ് ഡൗൺലോഡ് ഒരു ദിവസം നടന്നു. ഫേസ്ബുക്കിൽ വരിക്കാർ പത്തുലക്ഷത്തോളമായി. പ്ലേ സ്റ്റോറിൽ നിന്നും 16.5 ലക്ഷം പേർ വിക്ടേഴ്‌സ് മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്തു. ചില ക്ലാസുകൾ 40 ലക്ഷത്തിലധികം പേർ കണ്ടു. കൈറ്റ് വിക്ടേഴ്‌സ് ചാനലിന് പുറമെ ഫേസ്ബുക്കില്‍ victerseduchannel ല്‍ ലൈവായും യുടൂബില്‍ itsvicters വഴിയും ക്ലാസുകള്‍ കാണാം.

content highlights: second phases of online classes will start on Monday