പെട്രോൾ വില വർധന പിൻവലിക്കണമെന്നാവശ്യപെട്ട് കേന്ദ്ര സർക്കാരിന് കേരളത്തിൻ്റെ കത്ത്

state wrote letter to central government on petrol price hike

പെട്രോൾ വിലവർധന പിൻവലിക്കണമെന്നാവശ്യപെട്ടു കൊണ്ട് കേന്ദ്രത്തിന് സംസ്ഥാന സർക്കാർ കത്തയച്ചു. കൊവിഡിനൊപ്പം ഇന്ധന വില കുതിച്ചുയരുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുകയാണെന്നും അതുകൊണ്ട് വില കുറയ്ക്കാൻ എണ്ണ കമ്പനികൾക്ക് നിർദേശം നൽകണമെന്നുമാണ് കത്തിലെ ആവശ്യം. ഗതാഗത മന്ത്രി എ കെ ശശീന്ദ്രനാണ് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാന് കത്ത് അയച്ചത്.

കഴിഞ്ഞ ഒരാഴ്ചക്കിടയിൽ രാജ്യത്ത് പെട്രോളിന് 3 രൂപ 91 പൈസയും ഡീസലിന് 3 രൂപ 81 പൈസയുമാണ് വർധിച്ചത്. കൊവിഡ് കാരണം പൊറുതി മുട്ടിയ സാധാരണക്കാരന് ഇന്ധനവിലക്കയറ്റം ഇരട്ടി ദുരിതമാണ് ഉണ്ടാക്കുന്നതെന്നും വിലക്കയറ്റത്തിൻ്റെ ഭീതിയിലാണ് പൊതു ജനങ്ങളെന്നും കത്തിൽ വ്യക്തമാക്കി. ലോക്ക് ഡൌണിന് ശേഷം ഓട്ടോ, ടാക്സി സർവ്വീസുകൾ സജീവമായി സർവ്വീസ് ആരംഭിച്ചതെയുള്ളു.

രണ്ട് മാസത്തെ വരുമാന നഷ്ടത്തിനു ശേഷം എത്തിയ തൊഴിലാളികൾക്ക് ഇന്ധന വില വർധന താങ്ങാനാകുന്നില്ല. മാത്രവുമല്ല ഓട്ടോ-ടാക്സി ചാർജ്ജ് ഉൾപ്പടെ കൂട്ടണമെന്ന ആവശ്യം ഇതിനൊപ്പം ഉയർന്ന് വരികയാണ്. അന്താരാഷ്ട്ര വിപണിയിൽ 38 ഡോളറാണ് ക്രൂഡ് ഓയിൽ വില. നിരക്ക് കുറഞ്ഞാലും ഗുണം ഉപഭോക്താവിന് ലഭ്യമാകുന്നില്ല. ഈ രീതിയിൽ മുന്നോട്ടു പോയാൽ വരുന്ന മൂന്ന് മാസത്തിനുള്ളിൽ തന്നെ കുറഞ്ഞത് 80 മുതൽ 85 രൂപ വരെ പെട്രോൾ ഡീസൽ നിരക്ക് എത്തുമെന്നാണ് വിദഗ്ദർ അഭിപ്രായപെടുന്നത്.

Content Highlights; state wrote letter to central government on petrol price hike