രാജ്യത്ത് 24 മണിക്കൂറിനിടെ 11929 പേര്‍ക്ക് കൂടി കൊവിഡ്; കേന്ദ്ര ആഭ്യന്തര മന്ത്രി വിളിച്ച് ചേര്‍ത്ത അവലോകന യോഗം ഇന്ന്

ഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 11929 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 320922 ആയി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9195 ആയി. 24 മണിക്കൂറിനിടെ 311 പേരാണ് മരിച്ചത്. ഡല്‍ഹിയില്‍ നഴ്‌സിംഗ് ഹോമുകള്‍ക്കും കൊവിഡ് ചികിത്സ നടത്താമെന്ന് തീരുമാനമായി. പത്തു മുതല്‍ 49 വരെ ബെഡുകള്‍ ഉള്ള നഴ്‌സിംഗ് ഹോമുകള്‍ക്കാണ് ചികിത്സക്ക് അനുമതി. ഇതു സംബന്ധിച്ച് ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി

ഡല്‍ഹിയിലെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ അനില്‍ ബെയ്ജാല്‍, കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. ദില്ലിയില്‍ തുടര്‍ ദിവസങ്ങളില്‍ സ്വീകരിക്കേണ്ട കൂടുതല്‍ നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും.

ഡല്‍ഹിയിലെ മേയര്‍മാരെയും അമിത്ഷാ ഇന്ന് കാണും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വിളിച്ച അവലോകന യോഗത്തിലും ഡല്‍ഹിയിലെ സാഹചര്യം ചര്‍ച്ചയായിരുന്നു. ഡല്‍ഹിയില്‍ കൊവിഡ് മരണ നിരക്കും രോഗബാധയും കൂടുകയും രോഗ മുക്തി നേടുന്നവരുടെ എണ്ണം കുറയുകയും ചെയ്യുന്നത് കനത്ത ആശങ്കയാണ് ഉയര്‍ത്തുന്നത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം രോഗികളുളളത്. 10,4568 പേര്‍ക്കാണ് ഇതുവരെ ഇവിടെ രോഗം ബാധിച്ചത്. തമിഴ്‌നാട്ടില്‍ 42687 രോഗബാധിതരാണ് ഇപ്പോഴുള്ളത്. ഡല്‍ഹിയില്‍ 38,958 പേര്‍ കൊവിഡ് ബാധിതരായെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്ക് അമ്പത് ശതമാനത്തിന് മുകളിലെത്തി. 50.59 ശതമാനം പേര്‍ക്ക് രോഗം ഭേദമായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlight: Covid cases in India hike up to 11,929 cases in 24 hours