ചാവക്കാട് താലൂക്ക് ആശുപത്രി അടച്ചു; 161 ജീവനക്കാരിൽ 9 പേർക്ക് രോഗം സ്ഥിരീകരിച്ചു

chavakkad taluk hospital shuts down

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്ക് ആശുപത്രി പൂർണ്ണമായും അടച്ചു. നാല് ആരോഗ്യ പ്രവർത്തകർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് ആശുപത്രി പൂർണ്ണമായും അടയ്ക്കാൻ തീരുമാനിച്ചത്. ചാവക്കാട് സ്വദേശികളായ 38, 42, 53, 31 പ്രായമുള്ള നാല് ആരോഗ്യ പ്രവർത്തകർക്കാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ 161 ജീവനക്കാരിൽ 9 പേർക്ക് രോഗം ബാധിച്ചു. തൃശ്ശൂർ ജില്ലയിൽ ഇതുവരെ 24 ആരോഗ്യ പ്രവർത്തകർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

തൃശ്ശൂരിൽ ഞായറാഴ്ച ഏഴ് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച 143 പേരാണ് ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശ്ശൂർ സ്വദേശികളായ 9പേർ മറ്റ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നു. വീടുകളിൽ 12401 പേരും ആശുപത്രികളില്‍ 193 പേരും ഉള്‍പെടെ ആകെ 12,594 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഞായറാഴ്ച പുതിയതായി 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന 18 പേർ രോഗ മുക്തരായി. ഇതുവരെ ആകെ അസുഖബാധിതരായ 66 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഞായറാഴ്ച നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പട്ടികയിൽ 888 പേരെയാണ് പുതിയതായി ഉൾപെടുത്തിയിട്ടുള്ളത്.

Content Highlights; chavakkad taluk hospital shuts down