ഗാല്‍വന്‍ താഴ്‌വരയില്‍ ഇന്ത്യ-ചൈനീസ് സൈനിക ഏറ്റുമുട്ടല്‍; 20 ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു

ന്യൂഡല്‍ഹി: ആഴ്ച്ചകളായി ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ തമ്പടിച്ചിരുന്ന ഇന്ത്യ-ചൈനീസ് സൈനികര്‍ക്കിടയില്‍ സംഘര്‍ഷം. തിങ്കളാഴ്ചച് രാത്രയോടെയുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യ വരിച്ചതായാണ് കരസേനയുടെ സ്ഥിരീകരണം. ഇതില്‍ കേണലും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചൈനയുടെ നാല്‍പ്പതിലേറെ സൈനികരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

1975നു ശേഷം ആദ്യമായാണ് ഇരു സേനയും തമ്മിലുള്ള സംഘര്‍ഷത്തില്‍ മരണം റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. എന്നാല്‍, വെടിവെപ്പല്ല, കല്ലും വടികളും ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നതെന്ന് സൈന്യം വിശദീകരിച്ചു. അതിര്‍ത്തി തര്‍ക്കം രമ്യമായി പരിഹരിക്കാനുള്ള ഉന്നതതല യോഗങ്ങള്‍ നടക്കുന്നതിനിടെയാണ് പ്രകോപനം. ഇരു സേനകളുടെയും മേജര്‍ ജനറല്‍ തലത്തിലുള്ള ഉദ്യോഗസ്ഥ ചര്‍ച്ചകള്‍ തുടരുകയാണ്.

സ്ഥിതിഗതികള്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, സംയുക്തസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, മൂന്ന് സൈനിക മേധാവിമാര്‍ തുടങ്ങിയവര്‍ പ്രതിരോധമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വര, പാംഗോങ് തടാകം, ഹോട് സ്പ്രിങ് തുടങ്ങിയ മേഖലകളില്‍ മേയ് നാലുമുതല്‍ ഇരു രാജ്യത്തെയും സൈനികര്‍തമ്മില്‍ തുടരുന്ന സംഘര്‍ഷമാണ് തിങ്കളാഴ്ച മൂര്‍ധന്യത്തിലെത്തിയത്.

Content Highlight: India-China tensions at Galvan Valley, 20 Indian Soldiers died