സൈനികരുടെ ജീവത്യാഗത്തിന് പകരം തക്ക മറുപടി കൊടുക്കാന്‍ ഇന്ത്യക്ക് ശേഷിയുണ്ട്: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യ ചൈന അതിര്‍ത്തിയില്‍ നടന്ന സങ്കര്‍ഷത്തിനിടയില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും അവര്‍ക്കുള്ള തിരിച്ചടി കൊടുക്കാന്‍ ഇന്ത്യക്ക് അറിയാമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പറഞ്ഞു.

സൈനികരുടെ ജീവത്യാഗം വെറുതെയാവില്ല. മാതൃരാജ്യത്തിന് വേണ്ടി ചൈനയുമായി പോരാടിയാണ് നമ്മുടെ സൈനികര്‍ കൊല്ലപ്പെട്ടത്, അതില്‍ രാജ്യം അഭിമാനിക്കുന്നു. പ്രകോപിപ്പിക്കപ്പെട്ടാല്‍ ഉചിതമായ മറുപടി കൊടുക്കാന്‍ ഇന്ത്യയ്ക്ക് ശേഷിയുണ്ട്. ഭിന്നതകള്‍ ഉള്ള രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. എന്നാല്‍ ആ ഭിന്നതകള്‍ തര്‍ക്കങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നു പ്രധാനമന്ത്രി പ്രതികരിച്ചു. വീരമൃത്യു വരിച്ച സൈനികര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നതിന് വെര്‍ച്വല്‍ യോഗത്തിന് മുന്നോടിയായി പ്രധാനമന്ത്രി രണ്ട് നിമിഷം മൗനം ആചരിച്ചു.

ഇന്ത്യയിലെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിന് പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്നും തുടരും. പതിനേഴ് സംസ്ഥാനങ്ങളിലെ മുഖ്യ മന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുക. ഇന്നലെ ചര്‍ച്ചയില്‍ പങ്കെടുത്ത മുഖ്യമന്ത്രിമാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കേന്ദ്രസഹായം ആവശ്യപ്പെട്ടിരുന്നു. ഇന്ന് മുഖ്യമന്ത്രി മാര്‍ നിലപാട് വ്യക്തമാക്കിയതിന് ശേഷം പ്രധാനമന്ത്രി ചര്‍ച്ച ഉപസംഹരിച്ച് മറുപടി പറയും.

Content Highlight: India have the capacity to hit back China as they killed the soldiers, PM Narendra Modi