ലോകത്ത് കൊവിഡ് ബാധിതര്‍ വര്‍ദ്ധിക്കുന്നു; 24 മണിക്കൂറില്‍ 1.40 ലക്ഷം പേര്‍ക്ക് രോഗം

ലോകത്ത് കൊവിഡ് വ്യാപനം കൂടുതല്‍ തീവ്രമാകുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 1.40 ലക്ഷം പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 5,126 പേര്‍ മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 4.55 ലക്ഷമായി ഉയര്‍ന്നു. ബ്രസീലില്‍ 1,204 പേരും അമേരിക്കയില്‍ 747 പേരും കൂടി മരിച്ചു. കഴിഞ്ഞ ദിവസം മാത്രം അമേരിക്കയില്‍ 27,000 ത്തിലധികം പേര്‍ക്കും ബ്രസീലില്‍ 23,000 ത്തിലേറെ പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 85 ലക്ഷം കടന്നു. ഇതില്‍ 45 ലക്ഷത്തിലേറെ പേര്‍ രോഗവിമുക്തി നേടി.

കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അമേരിക്കയില്‍ 22.63 ലക്ഷം രോഗികളാണുള്ളത്. ഇതില്‍ 9.3 ലക്ഷം പേരുടെ രോഗം ഭേദമായി. ആകെ 1.20 ലക്ഷം പേരാണ് മരിച്ചത്. അമേരിക്കയ്ക്ക് പിന്നില്‍ ബ്രസീലില്‍ രോഗികള്‍ ദിനം പ്രതി വര്‍ധിക്കുന്നുണ്ട്. 9.83 ലക്ഷം പേര്‍ക്കാണ് ബ്രസീലില്‍ ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 47,869 പേര്‍ മരിച്ചു. റഷ്യയില്‍ 7,790 പേര്‍ക്കാണ് പുതിയതായി രോഗം കണ്ടെത്തിയത്. ഇതോടെ രോഗ ബാധിതരുടെ എണ്ണം 5.61 ലക്ഷമായി ഉയര്‍ന്നു. 7,660 പേരാണ് മരിച്ചത്.

ഇന്ത്യയില്‍ കൊറോണ വൈറസ് പിടിപെട്ടവരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുകയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 3.66 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1.94 ലക്ഷം പേര്‍ രോഗവിമുക്തരായി. ആകെ 12,237 പേരാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ 5651 പേരും ഡല്‍ഹിയില്‍ 1904 പേരും ഗുജറാത്തില്‍ 1560 പേരുമാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ മാത്രം ഒരു ലക്ഷത്തിലേറെ രോഗികളുണ്ട്.

Content Highlight: 1.40 lakh Covid cases reported around the World within 24 hours