സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു; സംസ്‌കാരം ഇന്ന് വൈകിട്ട് നാലരക്ക്

തൃശ്ശൂര്‍: അന്തരിച്ച പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു. സച്ചിയുടെ വേര്‍പാട് സിനിമാ മേഖലയെ ആകെ തളര്‍ത്തിയിരിക്കുകയാണ്. പൃഥ്വിരാജിനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യാനിരിക്കെയാണ് അദ്ദേഹത്തിന്റെ വേര്‍പാട്. അതേസമയം, കൊച്ചിയില്‍ എത്തിച്ച മൃതദേഹം ഇന്ന് വൈകിട്ട് നാലരയ്ക്ക് രവിപുരത്തെ ശ്മശാനത്തില്‍ സംസ്‌കരിക്കും. ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന്‍ ചേംബര്‍ ഹാളില്‍ രാവിലെ 9.30 മുതല്‍ പത്തുമണിവരെ പൊതുദര്‍ശനത്തിനുവെയ്ക്കും. ശേഷം വീട്ടിലേക്ക് കൊണ്ടുപോകും.

എട്ടുവര്‍ഷത്തോളം ഹൈക്കോടതി അഭിഭാഷകനും 13 വര്‍ഷത്തോളം സിനിമാ മേഖലയില്‍ സജീവ സാന്നിധ്യവും ആയിരുന്ന അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സിനിമാപ്രവര്‍ത്തകരും അഭിഭാഷകരും എത്തും. അതിനുശേഷം തമ്മനത്തുള്ള വീട്ടിലും പൊതുദര്‍ശനത്തിന് വയ്ക്കും. ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്നു അദ്ദേഹത്തിന് നേരിട്ട ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയും തലച്ചോറിനെ ബാധിക്കുകയും ചെയ്തിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു നട്ടെല്ലിന്റെ ശസ്ത്രക്രിയ നടത്തിയത്. 16ന് പുലര്‍ച്ചെയാണ് ജൂബിലി മിഷന്‍ ആശുപത്രിയില്‍ സച്ചിയെ പ്രവേശിപ്പിക്കുന്നത്.

സച്ചിയുടെ സിനിമകളെല്ലാം തന്നെ ഏറെ ജനപ്രീതി നേടിയവയായിരുന്നു. സച്ചി-സേതു കൂട്ടുകെട്ടില്‍ അനേകം ഹിറ്റുകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചു. 2007ല്‍ ചോക്കലേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായി രംഗപ്രവേശനം ചെയ്ത സച്ചി 2012ല്‍ റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലൂടെ ഒറ്റക്ക് തിരക്കഥ എഴുതാന്‍ ആരംഭിച്ചു. അനാര്‍ക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങള്‍ എഴുതി സംവിധാനം ചെയ്യുകയും ചെയ്തു. റോബിന്‍ ഹുഡ്, മേക്കപ്പ് മാന്‍, സീനിയേഴ്സ് എന്നീ ചിത്രങ്ങളും വിജയമായിരുന്നു. ഡബിള്‍സ് എന്ന ചിത്രത്തിനു ശേഷം 2012 ല്‍ സേതുവുമായി പിരിഞ്ഞു.

Content Highlight: Directed Sachi’s eyes donated, funeral will held in the evening