തുടര്‍ച്ചയായ 13-ാം ദിവസവും കുതിച്ചുയര്‍ന്ന് പെട്രോള്‍, ഡീസല്‍ വില

കൊച്ചി: തുടര്‍ച്ചയായ 13ാം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ച് പൊതുജനങ്ങള്‍ക്ക് മേല്‍ ഏണ്ണക്കമ്പനികളുടെ ക്രൂരത. ഡീസല്‍ ലിറ്ററിന് 60 പൈസയും പെട്രോള്‍ ലിറ്ററിന് 56 പൈസയുമാണ് കൂടിയത്. 13 ദിവസത്തിനിടെ ഒരു ലിറ്റര്‍ ഡീസലിന് ഏഴ്് രൂപ 28 പൈസയും പെട്രോളിന് ഏഴ് രൂപ ഒമ്പത് പൈസയുമാണ് കൂടിയത്. ഇതോടെ പെട്രോള്‍ വില ലിറ്ററിന് 78.37 രൂപയും ഡീസല്‍ ലിറ്ററിന് 72.97 രൂപയുമായി.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് എണ്ണക്കമ്പനികള്‍ ഈ മാസം ഏഴ് മുതല്‍ വിലകൂട്ടിത്തുടങ്ങിയത്. ജൂണ്‍ ആറിന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീപ്പയ്ക്ക് 42 ഡോളറായിരുന്നെങ്കില്‍ ജൂണ്‍ 12ന് 38 ഡോളറായി കുറഞ്ഞുവെങ്കിലും വില കുറച്ചില്ല. മേയ് മാസം എണ്ണ വില 20 ഡോളറിലേക്ക് കൂപ്പുകുത്തിയെങ്കിലും തീരുവ വര്‍ധിപ്പിക്കുക വഴി അതിന്റെ ഗുണഫലം ജനങ്ങള്‍ക്ക് ലഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചില്ല.

ഇന്ധന വില വര്‍ധന മൂലം അവശ്യ സാധനങ്ങളുടെ വില വര്‍ധിക്കാന്‍ സാധ്യതയുള്ളത് കോവിഡ് മൂലം ദുരിതത്തിലായ സാധാരണ ജനങ്ങളെ ആശങ്കയില്‍ ആഴ്ത്തുന്നുണ്ട്. ഈ രീതിതുടര്‍ന്നാല്‍ മൂന്ന് മാസത്തിനുള്ളില്‍ പെട്രോള്‍, ഡീസല്‍ നിരക്ക് 80-85 രൂപ നിരക്കിലെത്താന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Content Highlight: Petrol, Diesel price hike continued on 13th day