കൊവിഡ് 19 പ്രതിരോധ വാക്‌സിന്‍ ഒക്ടോബറില്‍ വിപണയില്‍ എത്തിക്കുമെന്ന ഉറപ്പ് നല്‍കി ഇന്ത്യന്‍ മരുന്ന് കമ്പനി

covid 19 vaccine comes on october

മഹാമാരിയായി പടർന്നു പിടിക്കുന്ന കൊവിഡ് 19 നെ പ്രതിരോധിക്കാനുള്ള വാക്സിൻ ഒക്ടോബറിൽ വിപണിയിലെത്തിക്കുമെന്ന് ഉറപ്പ് നൽകി ഇന്ത്യൻ മരുന്ന് കമ്പനി രംഗത്ത്. പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് വാഗ്ദാനം നല്‍കി രംഗത്ത് വന്നിരിക്കുന്നത്. കേന്ദ്ര സർക്കാരിൻ്റ അനുമതിയോടെയും കേന്ദ്ര ബയോടെക്നോളജി വകുപ്പിൻ്റെ സാമ്പത്തിക സഹായത്തോടെയുമാണ് ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കൊവിഡ് പ്രതിരോധ വാക്സിൻ പരീക്ഷണം നടത്തുന്നത്.

മനുഷ്യരില്‍ പരീക്ഷണം പൂര്‍ത്തിയാക്കി ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാല്‍ ആയിരം രൂപയ്ക്കായിരിക്കും വാക്‌സിന്‍ ലഭ്യമാക്കുന്നത്. മനുഷ്യരിലെ പരീക്ഷണം ഏകദേശം അവസാന ഘട്ടത്തിലാണെന്ന് കമ്പനി ഡയറക്ടർ പുരുഷോത്തമൻ സി നമ്പ്യാർ അറിയിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ മനുഷ്യരില്‍ പരീക്ഷിക്കുമ്പോള്‍ തന്നെ വ്യാവസായിക അടിസ്ഥാനത്തിലും നിര്‍മ്മാണം നടത്താനാണ് പദ്ധതി. ജൂണില്‍ നിര്‍മ്മാണം തുടങ്ങി സെപ്തംബറോടെ രണ്ട് കോടി വാക്‌സിന്‍ വിതരണത്തിന് തയ്യാറാക്കി വെക്കും.

മനുഷ്യരിലെ പരീക്ഷണ ഫലവും സര്‍ക്കാര്‍ അനുമതിയും ലഭ്യമായി കഴിഞ്ഞാൽ സെപ്തംബര്‍ അവസാനം ആകുമ്പോഴേക്കും നിര്‍മ്മിച്ചു വെച്ചിരിക്കുന്ന രണ്ട് കോടി വാക്‌സിനും സപ്ലൈ ചെയ്യാന്‍ സാധിക്കുമെന്നും തുടര്‍ന്നുള്ള മാസങ്ങളില്‍ 80 ലക്ഷത്തോളം വാക്‌സിന്‍ ഉണ്ടാക്കി വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും പുരുഷോത്തമന്‍ സി നമ്പ്യാര്‍ വ്യക്തമാക്കി.

Content Highlights; covid 19 vaccine comes on october