ന്യൂഡല്‍ഹി: കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിലായ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിന്റെ നിലയില്‍ പുരോഗതി. അദ്ദേഹത്തെ ഇന്നലെ പ്ലാസ്മ തെറപ്പിക്കു വിധേയനാക്കി. ന്യുമോണിയയും ബാധിച്ച അദ്ദേഹത്തിനു പനി കുറഞ്ഞതായും നില മെച്ചപ്പെട്ടതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. എങ്കിലും 24 മണിക്കൂര്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരും.
പനിയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് സത്യേന്ദ്രര്‍ ജെയിനിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആദ്യ പരിശോധനയില്‍ കോവിഡ് നെഗറ്റീവായിരുന്നു. പനി കുറയാത്തതിനെ തുടര്‍ന്ന് ബുധനാഴ്ച വീണ്ടും പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. ജെയിനിന്റെ അഭാവത്തില്‍ ആരോഗ്യവകുപ്പിന്റെ ചുമതല ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് കൈമാറിയിരിക്കുകയാണ്.
അതേസമയം, ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റീനില്‍ ഭേദഗതി വരുത്തി. വീടുകളില്‍ സൗകര്യമില്ലാത്തവര്‍ മാത്രം ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റീനില്‍ പോയാല്‍ മതിയെന്ന് തീരുമാനം. കൊവിഡ് രോഗികള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയ നടപടിക്കെതിരെ ഡല്‍ഹിയില്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും രംഗത്ത് വന്നിരുന്നു. ദുരന്ത നിവാരണ വകുപ്പ് മേധാവികളുമായി നടന്ന യോഗത്തിലും സര്‍ക്കാര്‍ നിലപാട് ധരിപ്പിച്ചു. ഇതിനുപിന്നാലെയാണ് ലഫ്. ഗവര്‍ണര്‍ ഉത്തരവ് ഭേദഗതി ചെയ്തത്.
Content Highlight: Delhi Health Minister Satyendar Jain’s health condition improving