രാജ്യത്ത് കൊവിഡ് രോഗികള്‍ നാലര ലക്ഷത്തിലേക്ക്; ഒറ്റ ദിവസം പതിനയ്യായിരത്തോളം പുതിയ കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാലര ലക്ഷത്തിലേക്ക് കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 14,933 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 312 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 14,011 ലേക്ക് ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

2,48,190 പേര്‍ ഇതു വരെ സുഖം പ്രാപിച്ചതായാണ് കണക്ക്. ഞായറാഴ്ച്ച റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന എണ്ണത്തില്‍ നിന്നും കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനായത് രാജ്യത്തിന് ആശ്വാസം നല്‍കുന്നുണ്ട്. രാജ്യത്ത് കൊവിഡ് ഏറ്റവുമധികം ബാധിച്ച മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്. 1,35,796 കേസുകളാണ് ഇതുവരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 61,807 കേസുകളാണ് ഉള്ളത്.

അതേസമയം, രാജ്യ തലസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 62,655 ആയി ഉയര്‍ന്നു. 2,233 മരണങ്ങളാണ് ഡല്‍ഹിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്‌നാട്ടിലും കൊവിഡ് കേസുകള്‍ നിയന്ത്രിക്കാനാവാതെ തുടരുകയാണ്.

Content Highlight: Covid cases in India reaches to 4.5 lakhs