ഹജ്ജ് തീര്‍ത്ഥാടനത്തില്‍ ഇത്തവണ സൗദി പൗരന്മാര്‍ മാത്രം; വിദേശികളെ വിലക്കി സൗദി അറേബ്യ

റിയാദ്: കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിദേശ പൗരന്മാര്‍ക്ക് ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള അനുമതി നിഷേധിച്ച് സൗദി അറേബ്യ. സൗദിയില്‍ നിന്നും നിയന്ത്രിത എണ്ണത്തിലുള്ള തീര്‍ത്ഥാടകര്‍ക്ക് മാത്രം ഇത്തവണ അനുമതി നല്‍കാനാണ് തീരുമാനം. സാമൂഹ്യ അകലവും മറ്റ് കൊവിഡ് നിയന്ത്രണങ്ങളും പാലിച്ച് തീര്‍ത്ഥാടനം നടത്തുമെന്ന് സൗദി മന്ത്രാലയം അറിയിച്ചു.

ജീവിതക്കാലത്ത് ഒരിക്കലെങ്കിലും മെക്ക സന്ദര്‍ശിക്കുകയെന്ന ഒരു മുസ്ലീം മതക്കാരന്റെ ആഗ്രഹത്തിനാണ് ഇത്തവണ കൊവിഡ് നിയന്ത്രണമേര്‍പ്പെടുത്തിയത്. പുതിയ കാലഘട്ടത്തില്‍ ആദ്യമായാണ് വിദേശികളെ മെക്കയിലേക്ക് വിലക്കുന്നതെന്ന പ്രത്യേകതയും ഈ വര്‍ഷത്തെ പ്രാര്‍ത്ഥനകള്‍ക്കുണ്ട്. സാമൂഹ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം സ്വീകരിക്കേണ്ടി വന്നതെന്ന് സൗദി മന്ത്രാലയം പറഞ്ഞു.

സൗദിയില്‍ ആകെ 1,60,000ത്തോളം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ രണ്ട് ആഴ്ച്ചകളിലായി കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതും രാജ്യത്തിന് ആശങ്കയാകുന്നുണ്ട്. 1,307 പേരാണ് കൊവിഡ് ബാധിച്ച് സൗദിയില്‍ ഇതുവരെ മരിച്ചത്.

2.5 ദശലക്ഷം വിശ്വാസികളാണ് എല്ലാ വര്‍ഷവും ഹജ്ജ് തീര്‍ത്ഥാടനത്തിനായി വിവിധ രാജ്യങ്ങളില്‍ നിന്നായി എത്തിക്കൊണ്ടിരുന്നത്. ഉമ്ര, ഹജ്ജ് തീര്‍ത്ഥാടനങ്ങളില്‍ നിന്നായി രാജ്യത്തിന് ഏകദേശം 12 ബില്ല്യണ്‍ ഡോളര്‍ വരെ വരുമാനം ലഭിക്കാറുണ്ടായിരുന്നെന്നാണ് ഔദ്യോഗിക കണക്ക്. കൊവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉമ്ര തീര്‍ത്ഥാടനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, സൗദിയിലേക്കുള്ള യാത്രയില്‍ നിന്നും മലേഷ്യയും, ഇന്‍ഡോനേഷ്യയും തങ്ങളുടെ പൗരന്മാരെ വിലക്കിയിരുന്നു.

Content Highlight: Hajj pilgrimage banned by Saudi amid Covid 19 scares