തിരുവനന്തപുരം: ഉറവിടമറിയാത്ത രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ തീരുമാനിച്ച് സര്‍ക്കാര്‍. നാളെ മുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കടക്കം ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ പ്രാപല്യത്തില്‍ വരും. പത്ത് ദിവസത്തേക്കായിരിക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന് മേയര്‍ കെ. ശ്രീകുമാര്‍ പറഞ്ഞു.
നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ തുറക്കാന്‍ അനുമതി നല്‍കൂ. കൂടാതെ, കണ്ടെയിന്മെന്റ് സോണുകള്‍ക്ക് പുറമേ നഗരത്തിലെ വ്യാപാര കേന്ദ്രങ്ങളിലും, ചന്തകളിലും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനാണ് തീരുമാനം. തിങ്കള്‍, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലാണ് പച്ചക്കറി കടകള്‍ തുറക്കാനുള്ള അനുമതി.
മല്‍സ്യം വില്‍ക്കുന്ന കടകള്‍ 50 ശതമാനം മാത്രമാണ് അനുമതി. പലചരക്ക് കടകളും മറ്റു കടകളും ഒന്നിടവിട്ട് തുറക്കാം. മാംസ കച്ചവടം 11 വരെ നടത്താം. കോഴിയിറച്ചി കടകള്‍ ഒന്നിടവിട്ട് തുറക്കാനും അനുമതിയുണ്ട്. പാളയം ചാല മാര്‍ക്കറ്റുകളില്‍ കവാടങ്ങളില്‍ പരിശോധനയുണ്ടാകും. മാളുകളിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഹോം ഡെലിവറി ശക്തിപ്പെടുത്തുമെന്ന് മേയര്‍ കെ ശ്രീകുമാര്‍ പറഞ്ഞു. നഗരം പൂര്‍ണമായും അടച്ചിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മേയര്‍ പറഞ്ഞു.
നഗരത്തിലെ കടകളുടെ സ്ഥിതി പരിശോധിക്കാന്‍ 4 ഹെല്‍ത്ത് സ്ക്വാഡുകളുടെ സഹായത്തോടെ പരിശോധന നടത്താനും ധാരണയായിട്ടുണ്ട്. കൂടാതെ, നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ കടകളുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്നും മേയര്‍ അറിയിച്ചു.
Content Highlight: Kerala Government to impose restrictions over Capital city as Covid case source still hidden