ഒറ്റ പ്രസവത്തിൽ ജനിച്ച മൂന്ന് കുട്ടികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സംഭവം അസാധാരണമാണെന്നാണ് ആരോഗ്യ വിദഗ്ദർ വ്യക്തമാക്കുന്നത്. മെക്സിക്കോയിലാണ് സംഭവം നടന്നത്. രണ്ട് ആൺകുട്ടികൾക്കും പെൺകുട്ടിക്കുമാണ് ജന്മം നൽകിയത്. ഇതിൽ ആൺകുട്ടിക്ക് ശ്വസന സഹായം നൽകിയതായി ആശുപത്രി അധികൃതർ അറിയിച്ചു. മെക്സിക്കോയിലെ സാൻ ലൂയിസ് പട്ടോസി സ്റ്റേറ്റിലെ ആശുപത്രിയിലാണ് യുവതി കുട്ടികൾക്ക് ജന്മം നൽകിയത്.
ജനന ശേഷം കുട്ടികൾക്ക് കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടുള്ള സംഭവം ഇതിനു മുൻപ് ഉണ്ടായിട്ടുണ്ടെങ്കിലും കൊവിഡ് ബാധയോടെ കുട്ടികൾ ജനിച്ചത് ആദ്യമായിട്ടാണെന്ന് സ്റ്റേറ്റ് ഹെൽത്ത് സേഫ്റ്റി കമ്മിറ്റി വക്താവ് വ്യക്തമാക്കി. അമ്മയുടെ പ്ലാസൻ്റെ വഴിയായിരിക്കാം കുട്ടികൾക്ക് കൊവിഡ് ബാധിച്ചതെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. ജനന സമയത്ത് കൊവിഡ് ബാധയേൽക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് സ്റ്റേറ്റ് ഹെൽത്ത് സെക്രട്ടറി മോണിക്ക ലിലിയാന റെയ്ഞ്ചൽ മാർട്ടിനസ് പറഞ്ഞു. മാതാപിതാക്കൾക്ക് ഇതുവരെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടില്ലെന്നും അവരെ പരിശോധനക്കു വിദേയമാക്കുമെന്നും അധികൃതർ അറിയിച്ചു. മാസം തികയുന്നതിനു മുമ്പേയായിരുന്നു പ്രസവം
Content Highlights; Newborn Mexican triplets test Covid-19 positive in ‘unprecedented’ case