ഏഴ് ദിവസത്തിനുള്ളില്‍ കൊവിഡ് സൗഖ്യം; പുതിയ കൊവിഡ് മരുന്ന് പുറത്തുവിട്ട് പതഞ്ജലി

ഹരിദ്വാര്‍: ലോകം മുഴുവനും കൊവിഡിനെ തുരത്താന്‍ മരുന്ന് അന്വേഷിച്ചു നടക്കുന്നതിനിടയില്‍ കൊവിഡിനെ ചെറുക്കാന്‍ സ്വന്തമായി ആയുര്‍വേദ മരുന്ന് നിര്‍മ്മിച്ച് പതഞ്ജലി. നൂറു ശതമാനം ഫലവത്താണ് മരുന്നെന്നാണ് പതഞ്ജലിയുടെ അവകാശവാദം. ക്ലിനിക്കല്‍ പരിശോധനകളില്‍ പുതിയ മരുന്നിന്റെ ഗുണം തിരിച്ചറിഞ്ഞതായും മരുന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു.

കൊറോണില്‍, സ്വാസരി എന്ന് പേരിട്ടിരിക്കുന്ന പ്രതിരോധ മരുന്ന് രാജ്യമെമ്പാടും 280 കൊവിഡ് രോഗികളില്‍ പരീക്ഷിച്ചതായി യോഗാചാര്യനും പതഞ്ജലി സ്ഥാപകനുമായ രാം ദേവ് പറഞ്ഞു. കൊവിഡിനെ അതിജീവിക്കാന്‍ മറ്റ് മരുന്നുകളൊന്നും തന്നെ കണ്ടെത്തിയതായി തെളിവുകളില്ലാത്ത സാഹചര്യത്തിലാണ് പതഞ്ജലിയുടെ മരുന്ന് നിര്‍മാണം.

”രാജ്യവും, ലോകവും മുഴുവന്‍ കൊറോണയ്ക്കുള്ള മരുന്നിനോ വാക്സിനോ വേണ്ടി കാത്തിരിക്കുകയായിരുന്നു. പതഞ്ജലി റിസര്‍ച്ച് സെന്ററിന്റെയും നിംസിന്റെയും സംയുക്ത പരിശ്രമത്തിലൂടെ ആദ്യത്തെ ആയുര്‍വേദ, ക്ലിനിക്കലി നിയന്ത്രിത ട്രയല്‍ അധിഷ്ഠിത തെളിവുകളും ഗവേഷണ-അടിസ്ഥാന മരുന്നുകളും തയ്യാറാക്കാനായതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു”- വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ബാബാ രാം ദേവിനെ ഉദ്ധരിച്ച് ഇക്കാര്യം പറഞ്ഞത്. ഡല്‍ഹി, അഹമ്മദാബാദ് എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ച് മരുന്ന് പരീക്ഷിച്ചതായും നൂറ് ശതമാനം ഫലം ലഭിച്ചതായും രാംദേവ് അവകാശപ്പെട്ടു.

ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സുമായി സഹകരിച്ചാണ് പതഞ്ജലിയുടെ മരുന്ന് നിര്‍മാണം. എന്നാല്‍, കൊവിഡ് മരുന്നുകള്‍ ഇതുവരെ കണ്ടെത്താത്ത സാഹചര്യത്തില്‍, വ്യാജ പ്രചരണങ്ങളില്‍ മുന്‍കരുതല്‍ എടുക്കണമെന്ന് ലോകാരോഗ്യ സംഘടന നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ആന്റിബയോട്ടിക്‌സ് അടക്കമുള്ള മരുന്നുകള്‍ സ്വയം പരീക്ഷിക്കുന്നതിന് ലോകാരോഗ്യ സംഘടന വിലക്കേര്‍പ്പെടുത്തിയിരുന്നു.

നിലവില്‍, ഹൈഡ്രോക്‌സിക്ലോറോക്വീന്‍, ഡെക്‌സാമെത്തസോണ്‍ എന്നീ രണ്ട് മരുന്നുകള്‍ക്കാണ് ലോകാരോഗ്യ സംഘടനയുടെ അനുമതി. ഇവ അടിയന്ത്രിര ഘട്ടങ്ങളില്‍ ഉപയോഗിക്കാനും അനുമതിയുണ്ട്.

Content Highlight: Patanjali releases medicine for Covid claimed 100% cure