ഹരിദ്വാര്‍: ഒരാഴ്ച്ച കൊണ്ട് കൊവിഡില്‍ നിന്ന് പൂര്‍ണ സൗഖ്യം ലഭിക്കുമെന്ന് പ്രചരിപ്പിച്ച പതഞ്ജലിയുടെ കൊവിഡ് മരുന്നിന്റെ വിശദീകരണം തേടി കേന്ദ്ര സര്‍ക്കാര്‍. പതഞ്ജലിയുടെ മരുന്ന് പുറത്തിറക്കി മണിക്കൂറുകള്‍ക്കുള്ളിലാണ് വിശദികരണം ആവശ്യപ്പെട്ട് ആയുഷ് മന്ത്രാലയം രംഗത്തെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് ‘കൊറോണില്‍ ആന്‍ഡ് സ്വാസരി’ എന്ന പേരില്‍ പതഞ്ജലി ആയുര്‍വേദ മരുന്ന് പുറത്തിറക്കിയത്.
ഏഴു ദിവസം കൊണ്ട് കൊവിഡ് പൂര്‍ണമായും ഭേദമാകുമെന്നും രാജ്യത്തുടനീളമുള്ള 280 രോഗികളില്‍ മരുന്ന് പരീക്ഷിച്ച് വിജയിച്ചതായുമാണ് പതഞ്ജലി സ്ഥാപകനും യോഗാചാര്യനുമായ ബാബാ രാം ദേവ് മരുന്ന് പുറത്തിറക്കല്‍ ചടങ്ങില്‍ അവകാശപ്പെട്ടത്. ലോകത്തുടനീളം കൊവിഡ് മരുന്ന് കണ്ടെത്താന്‍ കഠിന പ്രയത്‌നം നടത്തുന്നതിനിടെയാണ് പതഞ്ജലിയുടെ പ്രചരണം.
ഏത് ആശുപത്രിയിലാണ് പരീക്ഷണം നടത്തിയത്, ഗവേഷണഫലം എന്ത്, ഇന്‍സ്റ്റിറ്റിയൂഷണല്‍ എത്തിക്‌സ് കമ്മിറ്റിയുടെ അനുമതി കമ്പനി നേടിയിട്ടുണ്ടോ, ക്ലിനിക്കല്‍ പരിശോധനയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ, മരുന്നു തയ്യാറാക്കിയതിന്റെ വിശദീകരണം, ലൈസന്‍സിന്റെ പകര്‍പ്പ് തുടങ്ങിയ കാര്യങ്ങള്‍ ഉടന്‍ നല്‍കണമെന്ന് ആയുഷ് മന്ത്രാലയം പതഞ്ജലിയോട് ആവശ്യപ്പെടുകയായിരുന്നു. ഹൈഡ്രോക്‌സിക്ലോറോക്വീന്‍, ഡെക്‌സാമെത്തസോണ്‍ എന്നീ രണ്ട് മരുന്നുകള്‍ക്ക് മാത്രമാണ് ലോകാരോഗ്യ സംഘടന ഇതുവരെ അനുമതി നല്‍കിയിരിക്കുന്നത്.
പതഞ്ജലിയുടെ മരുന്നിനെപ്പറ്റിയുള്ള പരസ്യം നിര്‍ത്തി വെക്കണമെന്നും ശാസ്ത്രീയമായ തെളിവുകള്‍ ലഭിക്കുന്നത് വരെ ഇത്തരം അവകാശവാദങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കേന്ദ്രം പതഞ്ജലിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Content Highlight: Central Ayush Ministry asks explanation from Patanjali on newly launched Covid Medicine