വിദേശത്ത് നിന്ന് ഇന്ന് കേരളത്തിലെത്തുന്നത് 21 വിമാനങ്ങള്‍; കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിബന്ധനകള്‍ ഇന്ന് നിലവില്‍ വരും

കൊച്ചി: കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ തീരുമാനത്തില്‍ മാറ്റം വരുത്തിയ കേരളത്തില്‍ വിദേശത്ത് നിന്ന് ഇന്ന് മടങ്ങിയെത്തുന്നത് 3420 പ്രവാസികള്‍. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ ലണ്ടന്‍, എത്യോപ്യ എന്നിവടങ്ങളില്‍ നിന്നുള്ള വിമാനങ്ങളും ഇക്കൂട്ടത്തിലുണ്ട്. 21 വിമാനങ്ങളാണ് ഇന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്നത്.

ഇന്നലെയും 21 വിമാനങ്ങളിലായി 4060 പ്രവാസികള്‍ കൊച്ചിയിലെത്തിയിരുന്നു. യാത്രാ സമയത്തിന് 72 മണിക്കൂറിനകം പരിശോധന നടത്തിയിരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ടെസ്റ്റ് റിപ്പോര്‍ട്ടിന്റെ സാധുത 72 മണിക്കൂര്‍ ആയിരിക്കും. എല്ലാ യാത്രക്കാരും കോവിഡ്-19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് വിവരം നല്‍കണം. എത്തിച്ചേരുന്ന വിമാനത്താവളത്തില്‍ സംസ്ഥാന ആരോഗ്യ വിഭാഗത്തിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള സ്‌ക്രീനിങ്ങിന് വിധേയമാകണം. രോഗലക്ഷണമുള്ളവരെ മാറ്റിനിര്‍ത്തുകയും കൂടുതല്‍ പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

വിദേശത്ത് നിന്ന് ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ ഉള്‍പ്പെടെ വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ തീരുമാനത്തില്‍ കഴിഞ്ഞ ദിവസം ഇളവ് വരുത്തിയിരുന്നു. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ നിബന്ധനകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും.

Content Highlight: 21 Flights to reach from Gulf Countries to Kerala today