കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കനത്ത പിഴയൊടുക്കേണ്ടി വരും; ഇനി ഉപദേശമില്ലെന്ന് ഡിജിപി

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്ക് ഇനി മുതല്‍ ഉപദേശമുണ്ടാവില്ലെന്നും നടപടി കര്‍ശനമാക്കുകയാണെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നില്ലെന്നും മാസ്‌ക് നിര്‍ബന്ധമാക്കിയ നിയമത്തെ പോലും പലരും അനുസരിക്കുന്നില്ലെന്നും ബെഹ്‌റ ചൂണ്ടികാട്ടി.

സംസ്ഥാനത്ത് ഉറവിടമറിയാത്ത കേസുകളടക്കം ഉയര്‍ന്ന സാഹചര്യത്തില്‍ ആറോളം ജില്ലകളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഡിജിപിയുടെ പ്രതികരണം.

കടകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ കൃത്യമായ സാമൂഹ്യ അകലം പാലിക്കണമെന്നും ഇതിനായി ഒരു കടയില്‍ ഒരേ സമയം പരമാവധി അഞ്ച് പേരെ മാത്രമെ അനുവദിക്കൂ. ഇക്കാര്യം ഉറപ്പ് വരുത്താനായി കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു. കൂട്ടം കൂടി നില്‍ക്കുന്ന സാഹചര്യം കണ്ടെത്തിയാല്‍ ഉടമക്കെതിരെയും കേസെടുക്കാനാണ് തീരുമാനം.

Content Highlight: DGP to made Covid Protocol strict amid increase in Covid Cases