നിയന്ത്രിക്കാനാവാതെ കൊവിഡ്: ഒറ്റ ദിവസം പതിനേഴായിരത്തിനടുത്ത് കേസുകള്‍

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരി പിടിമുറുക്കിയ രാജ്യത്ത് ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 16,922 പുതിയ കേസുകള്‍. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തോടടുത്തു. 418 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ രോഗബാധിതരുടെ എണ്ണ്തില്‍ ഇന്ത്യ നാലാമതാണെങ്കിലും, അതിവേഗം രോഗം പടരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.

പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനയാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കൊവിഡ് ഏറ്റവുമധികം ബാധിച്ച മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ സ്ഥിതി കൂടുതല്‍ മോശമാവുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ മാത്രം ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യം കൂടുതല്‍ ജാഗ്രത ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ മധുര അടക്കം പ്രധാന നഗരങ്ങളിലെല്ലാം കഴിഞ്ഞ ദിവസം തന്നെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. കൊല്‍ക്കത്തയില്‍ കൊവിഡ് ബാധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മരിച്ചതോടെ പ്രദേശം കൂടുതല്‍ നിയന്ത്രണത്തിലേക്ക് മാറിയിരുന്നു. കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടകത്തിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന സൂചനകള്‍ വന്നിരുന്നു.

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ജൂലൈ ആറിനകം എല്ലാ വീടുകളിലും കൊവിഡ് പരിശോധന നടത്താന്‍ ആംആദ്മി സര്‍ക്കാര്‍ ആലോചിച്ചിരുന്നു. ജൂണ്‍ 30ഓടെ കൊവിഡ് തീവ്ര ബാധിത പ്രദേശങ്ങളില്‍ പരിശോധന പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

Content Highlight: India reports 16,922 Covid cases calculates the biggest single day spike