പരിശോധനാ കിറ്റിന് ക്ഷമതയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്ത് ആൻ്റിബോഡി ദ്രുത പരിശോധന താൽക്കാലികമായി നിർത്തുന്നു. മെഡിക്കൽ സർവീസസ് കോർപറേഷൻ്റെ പക്കലുള്ള കിറ്റുകൾ തിരിച്ചെടുക്കണമെന്ന് ആരോഗ്യ സെക്രട്ടറി എച്ച്എൽഎല്ലിന് നിർദേശം നൽകി. സംസ്ഥാനത്ത് സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടൊ എന്നറിയുന്നതിനാണ് ആൻ്റിബോഡി ദ്രുത പരിശോധന ആരംഭിച്ചത്.
ആദ്യഘട്ടത്തിൽ ആശുപത്രി ജീവനക്കാരും പോലീസുകാരുമടക്കം പതിനായിരത്തോളം പേരെയാണ് പരിശോധിച്ചത്. പരിശോധിച്ച പലർക്കും ഐജിജി പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ചികിത്സകളൊന്നും തേടാതെ തന്നെ രോഗം വന്ന് ഭേദമായി എന്ന് ചുരുക്കം. ഇതേ തുടർന്ന് രണ്ടാം ഘട്ടത്തിൽ എച്ച്എൽഎല്ലിൽ നിന്നും 15000 കിറ്റുകൾ കൂടി വാങ്ങി. പക്ഷേ ഈ കിറ്റുകൾ പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധിച്ചപ്പോൾ കിട്ടുന്ന ഫലങ്ങൾ കൂടുതലും ഐജിജി പോസിറ്റീവ് ആണ്.
സെൻസിറ്റിവിറ്റി കുറഞ്ഞതാകാം ഇതിന് കാരണമെന്ന വിലയിരുത്തിയാണ് ലാബിൽ നിന്നും ആരോഗ്യ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കിറ്റുകൾ തിരിച്ചെടുക്കാൻ നിർദേശിച്ചത്. അതേസമയം ആൻ്റിബോഡി പരിശോധനയിൽ പോസിറ്റീവായവരുടെ എണ്ണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. എയർപോർട്ടുകൾ കേന്ദ്രികരിച്ച് ആൻ്റിബോഡി പരിശോധന എച്ച്എൽഎല്ലുമായി സഹകരിച്ച് നടപ്പാക്കാനാണ് സർക്കാർ തീരുമാനം.
Content Highlights; kerala stop antibody quick test due to inefficent kits