രാംദേവിൻ്റെ കൊവിഡ് മരുന്നിനെ വിലക്കി മഹാരാഷ്ട്ര സർക്കാർ; വ്യാജ മരുന്ന് വിൽപ്പന നടക്കില്ല

Maharashtra minister warns Ramdev on Coronil, says the state will not allow the sale of spurious medicines

പതഞ്ജലി സ്ഥാപകനായ രാംദേവ് കൊവിഡിനെ പ്രതിരോധിക്കാൻ എന്ന പേരിൽ പുറത്തിറക്കിയ മരുന്നിനെ വിലക്കി മഹാരാഷ്ട്ര സർക്കാർ. വ്യാജ മരുന്ന് വിൽപ്പന രാജ്യത്ത് നടത്താൻ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് മന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. കോറോണിൽ എന്ന പേരായ മരുന്നാണ് രാംദേവ് കൊവിഡ് പ്രതിരോധിക്കുമെന്ന വ്യാജേന പുറത്തിറക്കിയത്. കൊറോണിൽ മരുന്നില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പരിശോധിക്കുമെന്നും അനില്‍ ദേശ്മുഖ് ട്വീറ്റില്‍ കുറിച്ചു.

ജനങ്ങളുടെ ജീവൻ വെച്ച് കളിക്കില്ലെന്നും മഹാരാഷ്ട്ര സർക്കാർ എല്ലാം ശ്രദ്ധിക്കുന്നുണ്ടെന്നും തുടങ്ങിയ ഹാഷ് ടാഗോടുകൂടിയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. കൊറോണിലിൻ്റെ പരസ്യങ്ങൾ നിരോധിക്കാനുള്ള ആയുഷ് മന്ത്രാലയത്തിൻ്റെ തീരുമാനത്തെ മന്ത്രി സ്വാഗതം ചെയ്യുകയും ചെയ്തു. കൊവിഡിന് ആയുർവേദ മരുന്ന് കണ്ടുപിടിച്ചെന്നും ഏഴ് ദിവസം കൊണ്ട് രോഗം ഭേദമാക്കും എന്നുമാണ് രാംദേവിൻ്റെ പതഞ്ജലി കമ്പനിയുടെ അവകാശവാദം. എന്നാൽ മരുന്ന് ആരിലൊക്കെയാണ് പരീക്ഷണം നടത്തിയതെന്നോ എന്തെല്ലാമാണ് മരുന്നിൽ അടങ്ങിയിരിക്കുന്നതെന്നോ വ്യക്തമാക്കിയിട്ടില്ല. 

content highlights: Maharashtra minister warns Ramdev on Coronil, says the state will not allow the sale of spurious medicines