ഡല്‍ഹിയില്‍ കൊവിഡ് കേസുകളില്‍ വര്‍ദ്ധന; സ്ഥിതി നിയന്ത്രണ വിധേയമെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: കൊവിഡ് 19 വളരെ രൂക്ഷമായ തലസ്ഥാന നഗരിയിലെ സ്ഥിതി നിയന്ത്രണ വിധേയമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ കൊവിഡ് സാഹചര്യം മാധ്യമങ്ങളോടു വിവരിക്കുകയായിരുന്നു കെജ്‌രിവാള്‍.

ഡല്‍ഹിയില്‍ നിലവില്‍ മുമ്പത്തെക്കാള്‍ മൂന്ന് മടങ്ങ് കൊവിഡ് ടെസ്റ്റുകള്‍ ദിനം പ്രതി നടത്തുന്നതായും 3000ത്തോളം പുതിയ കേസുകള്‍ മാത്രമാണ് പരിശോധന പ്രകാരം കൂടുതലായി കാണുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോടു വിശദീകരിച്ചു. ആകെ കൊവിഡ് ബാധിതരില്‍ 45,000ത്തോളം പേര്‍ ഇതുവരെ സുഖം പ്രാപിച്ചതായും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. 2400 പേരാണ് ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 26,000 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നതായും, ഇതില്‍ 6,000 പേര്‍ ആശുപത്രികളിലാമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

3,000ത്തോളം പുതിയ കേസുകള്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഇതില്‍ പലതും ഗുരുതരാവസ്ഥയിലുള്ളതല്ലെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി. 13,500ലധികം ബെഡുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ ഐ സി യു ബെഡുകള്‍ ആവശ്യമായി വരാന്‍ സാധ്യതയുള്ളതായും ആവശ്യം കാബിനറ്റ് മീറ്റിങ്ങില്‍ ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 3,500ഓളം ബെഡുകള്‍ ഹോട്ടലുകളില്‍ തയാറാക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Content Highlight: Delhi CM Kejriwal says, Covid situation is under control in Delhi