പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായുള്ള വന്ദേ ഭാരത് ദൌത്യത്തിൽ കേരളത്തിൽ 94 വിമാനങ്ങൾ കൂടി ഷെഡ്യൂൾ ചെയ്തു. ബഹ്റിൻ, ഒമാൻ, സിംഗപ്പൂർ, യുഎഇ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ജൂലൈ ഒന്ന് മുതൽ 15 വരെയുള്ള ഷെഡ്യൂളാണ് ഇപ്പോൾ പുറത്ത് വിട്ടിട്ടുള്ളത്. ഇന്നലെ മുതൽ ദിവസം 40 മുതൽ 50 വരെ വിമാനങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും കഴിഞ്ഞ ദിവസത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.
വിമാനങ്ങളിൽ കൂടുതലും ഒമാനിൽ നിന്നും ബഹ്റിനിൽ നിന്നുമാണ് വരുന്നത്. ജൂലൈയിൽ വരുന്ന വിമാനങ്ങളുടെ എണ്ണം വർധിക്കുമെന്നും, വിമാനങ്ങൾക്ക് അനുമതി നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ പുതിയതായി ഷെഡ്യൂൾ ചെയ്ത വിമാനങ്ങളിൽ അധികവും കൊച്ചി, കോഴിക്കോട് വിമാനത്താവളത്തിലേക്കാണ് എത്തുന്നത്. പ്രവാസികൾ തിരിച്ച് വരുന്നത് പരിഗണിച്ച് വിമാനത്താവളത്തിൽ ആൻ്റിബോഡി പരിശോധനകളടക്കം വിപുലമായ സൌകര്യങ്ങൾ തന്നെ സജ്ജമാക്കിയിട്ടുണ്ട്.
Content Highlights; 94 more flights scheduled under vande bharat mission to kerala