രാജ്യത്ത് കൊവിഡ് രോഗികള്‍ അഞ്ച് ലക്ഷം കടന്നു; ഇന്നലെ മാത്രം 18,552 കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. ഇന്നലെ മാത്രം 18,552 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം 5,08,953 ലേക്ക് ഉയര്‍ന്നു. 384 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഒറ്റ ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണ് വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത്.

1,97,387 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,95,881 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. രാജ്യത്ത് ഇതു വരെ കൊവിഡ് ബാധിച്ച് മരിച്ചത് 15,685 പേരാണ്.

കൊവിഡ് ഏറ്റവുമധികം ബാധിച്ച മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി എന്നിവടങ്ങളില്‍ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം ഒന്നര ലക്ഷം കടന്ന് 1,52,765 ആയി. തമിഴ്‌നാട്ടില്‍ 74,622 പേര്‍ക്ക് രോഗവും 957 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യ തലസ്ഥാനത്ത് കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്നുണ്ടെങ്കിലും സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് മുഖ്യമന്ത്രി അവിന്ദ് കെജ്‌രിവാള്‍ അറിയിച്ചത്. കൂടാതെ എല്ലാ വീടുകളിലും പരിശോധന നടത്താനുള്ള പദ്ധതിയും ആം ആദ്മി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

Content Highlight: Covid cases in India covers 5lakhs, 18,522 cases reported yesterday called the biggest single day spike