മഹാരാഷ്ട്രയില്‍ മൂന്നുമാസത്തിന് ശേഷം സലൂണുകള്‍ തുറന്നു; കര്‍ശന നിബന്ധനകള്‍

മുംബൈ: മഹാരാഷ്ട്രയില്‍ മൂന്നുമാസത്തിന് ശേഷം സലൂണുകള്‍ തുറന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ഡൗണില്‍ സലൂണുകള്‍ അടച്ചിട്ടിരുന്നു. മറ്റു സംസ്ഥാനങ്ങള്‍ സലൂണുകള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും മഹാരാഷ്ട്രയില്‍ സലൂണുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നില്ല.

ഷോപ്പിന് അകത്തേക്ക് പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. ഓരോരുത്തര്‍ക്കും പ്രത്യേകം ടവലുകള്‍ ഉപയോഗിക്കണം. മുടിവെട്ടുന്നവര്‍ മാസ്‌കും ഗ്ലൗസും ധരിക്കണം. മുടിവെട്ടുന്നതിനും മുടി കറുപ്പിക്കുന്നതിനും മാത്രമേ അനുമതി നല്‍കിയിട്ടുള്ളൂ. ഇതു സംബന്ധിച്ച് എല്ലാ ഷോപ്പുകള്‍ക്ക് മുമ്പിലും ബോര്‍ഡ് സ്ഥാപിക്കണമെന്നും പറയുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 1,59,133 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ മാത്രം പുതുതായി 1400 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ നഗരത്തിലെ രോഗബാധിതരുടെ എണ്ണം 74,252 ആയി.

Content Highlight: Maharashtra reopens Saloons after 3 Months