കൊവിഡ് വ്യാപനം തടയാൻ എസി കോച്ചുകളിൽ പുതിയ പരിഷ്കരണവുമായി റെയിൽവെ

New normal in AC trains breathe in OT like fresh air

കൊവിഡ് വ്യാപനത്തെ തടയുന്നതിന് എസി ട്രെയിനുകളിലെ കോച്ചുകളിൽ പുതിയ പരിഷ്കരണങ്ങൾ ഒരുക്കിയിരിക്കുകയാണ് റെയിൽവെ.എസി ട്രയിനുകളിലെ കോച്ചുകളിൽ ഇനി മുതൽ ഓപ്പറേഷൻ തിയറ്ററുകൾക്ക് സമാനമായ രീതിയിൽ ശുദ്ധവായു ക്രമീകരിക്കാനാകുമെന്ന് റെയിൽവെ അധികൃതർ വ്യക്തമാക്കി. എസി കോച്ചുകളിലെ റൂഫ് മൌണ്ട് എസി പാക്കേജ് ഓപ്പറേഷൻ തിയറ്ററുകളിലേതു പോലെ മണിക്കൂറിൽ 16- 18 പ്രാവശ്യം വായു പൂർണ്ണമായും മാറ്റുമെന്ന് അധികൃതർ വ്യക്തമാക്കി. വൈറസ് വ്യാപനം തടയുന്നതിനായി ആരോഗ്യ മന്ത്രാലയത്തിൻ്റെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് പുതിയ പരിഷ്കരണം.

എസി കോച്ചുകളിലെ വായു മണിക്കൂറിൽ 12 പ്രാവശ്യം പൂർണമായും മാറണമെന്നാണ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പരിഷ്കരണങ്ങളിൽ വ്യക്തമാക്കുന്നത്. ഇതിന് മുമ്പ് എസി ട്രെയിനുകളിൽ മണിക്കൂറിൽ ആറുമുതൽ എട്ടുതവണ വരെയാണ് വായു പൂർണമായും മാറ്റിയിരുന്നത്. ഇങ്ങനെ നോക്കിയാൽ കോച്ചുകളിൽ എത്തുന്ന വായുവിൻ്റെ 20 ശതമാനം മാത്രമേ ശുദ്ധവായു ഉണ്ടാവുകയുള്ളു. ബാക്കിയുള്ള 80 ശതമാനവും റിസർക്കുലേറ്റ് ചെയ്യപെടുന്ന വായുവാണ്. വായു സഞ്ചാരത്തിലുണ്ടാകുന്ന ഈ വർധനവ് ഊർജ ഉപഭോഗത്തിലും 10-15 ശതമാനം വരെ വർധനവ് ഉണ്ടാക്കും. ഇത് യാത്രക്കാരുടെ സുരക്ഷയ്ക്കായി നൽകേണ്ടി വരുന്ന തുകയാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

സാധാരണ രീതിയിൽ എസി റീസർക്കുലേറ്റ് ചെയ്യപെട്ട വായുവാണ് ഉപയോഗിക്കുന്നത്. അതു കൊണ്ട് അതി വേഗത്തിൽ തണുപ്പ് പടർന്ന് പിടിക്കും. പക്ഷേ ഓരോ തവണയും ശുദ്ധ വായു ഉപയോഗിക്കുമ്പോൾ തണുക്കാൻ കൂടുതൽ സമയം ആവശ്യമായി വരും. അതു കൊണ്ടാണ് ഊർജ ഉപഭോഗത്തിൻ്റെ അളവ് വർധിക്കുന്നത്. നിലവിൽ യാത്രക്കാർക്കായി പുതപ്പ് വിതരണം ചെയ്യാത്തതിനാൽ സെൻട്രലൈസ്ഡ് എസിയുടെ താപനില 25 ഡിഗ്രിയായി നിലനിർത്തും. മുൻപ് ഇത് 23 ഡിഗ്രി ആയിരുന്നു. നിലവിൽ രാജധാനി ട്രെയിനുകളിൽ പരീക്ഷിച്ച ഈ സംവിധാനം വൈകാതെ മറ്റ് കോച്ചുകളിലും നടപ്പാക്കുന്നതായിരിക്കും.

Content Highlights; New normal in AC trains breathe in OT like fresh air