കൊവിഡ് പ്രതിരോധം: ഇന്ത്യന്‍ കമ്പനി നിര്‍മ്മിച്ച കൊവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി

ഹൈദരാബാദ്: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ലോകമെമ്പാടും കൊവിഡ് വാക്‌സിന്‍ തയാറാക്കാന്‍ ശ്രമം നടത്തുന്നതിനിടെ ഇന്ത്യന്‍ കമ്പനിക്ക് കൊവിഡ് വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ അനുമതി. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കിന് അനുമതി നല്‍കിയത്.

ഐ.സി.എം.ആര്‍, എന്‍.ഐ.വി എന്നിവരുമായി സഹകരിച്ചാണ് ഭാരത് ബയോടെക് കൊവാക്‌സിന്‍ (Covaxin) നിര്‍മിച്ചത്. മരുന്ന് ജൂലൈ മുതല്‍ രാജ്യത്തിന്‍ പല ഭാഗങ്ങളില്‍ മനുഷ്യരില്‍ പരീക്ഷിക്കാനാണ് തീരുമാനം. പ്രീക്ലിനിക്കല്‍ ട്രയല്‍ വിജയിച്ചതിനു പിന്നാലെ വാക്സിന്‍ പ്രയോഗിക്കുന്നതിന്റെ സുരക്ഷ ഉള്‍പ്പെടെയുള്ള വിശദമായ റിപ്പോര്‍ട്ട് കമ്പനി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്കും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനും സമര്‍പ്പിച്ചിരുന്നു.

മരുന്ന് കമ്പനികള്‍ ഉള്‍പ്പെടെ മുപ്പതോളം വാക്‌സിനുകള്‍ ഇന്ത്യയില്‍ കൊവിഡ് മരുന്ന് നിര്‍മാണത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പരീക്ഷണഘട്ടം പൂര്‍ത്തിയാക്കാനായാല്‍ ചുരുങ്ങിയ കാലം കൊണ്ട് വാക്‌സിന്‍ വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

Content Highlight: Drug Controller of General allowed an Indian company to start Clinical trial on human on Covid Vaccine