രാജ്യം അണ്‍ലോക്ക് ഘട്ടത്തില്‍; ലോക്ക് ഡൗണ്‍ രണ്ടാം ഘട്ടം ലക്ഷക്കണക്കിനാളുകളുടെ ജീവന്‍ രക്ഷിച്ചെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. രാജ്യം അണ്‍ലോക്ക് രണ്ടാം ഘട്ടത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കൊവിഡ് കേസുകളില്‍ മറ്റ് രാജ്യങ്ങളുമായി അപേക്ഷിച്ച് രാജ്യം ഭേദപ്പെട്ട നിലയിലാണ്. ലോക്ക് ഡൗണ്‍ രണ്ടാം ഘട്ടം ലക്ഷക്കണക്കിനാളുകളുടെ ജീവന്‍ രക്ഷിച്ചു. അതിതീവ്ര മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ വേണം. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ – ചൈന ബന്ധം താറുമാറായ സാഹചര്യം നിലനില്‍ക്കെയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്.

ശരിയായ സമയത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ കഴിഞ്ഞു. ഭദ്രമായ നിലയിലാണ് രാജ്യമുള്ളത്. ഗ്രാമത്തലവന്‍ മുതല്‍ പ്രധാനമന്ത്രിക്ക് വരെയുള്ളവര്‍ക്ക് നിയമങ്ങള്‍ ബാധകമാണ്. പാവപ്പെട്ടവര്‍ പട്ടിണിയിലാകാതെ നോക്കേണ്ടത് അത്യാവശ്യമാണ്. 80 കോടി ജനങ്ങള്‍ക്ക് റേഷന്‍ നല്‍കാന്‍ സര്‍ക്കാരിനായി. 1.75 ലക്ഷം കോടി രൂപ പാവപ്പെട്ടവരുടെ ക്ഷേമത്തിനായി ചെലവഴിച്ചു. സൗജന്യ റേഷന്‍ നവംബര്‍ വരെ നല്‍കും. എല്ലാ പാവപ്പെട്ടവര്‍ക്കും അഞ്ച് കിലോ അരി നല്‍കും.

രണ്ടാംഘട്ട അണ്‍ലോക്ക് രണ്ടാം ഘട്ട മാര്‍ഗനിര്‍ദേശങ്ങള്‍ തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. സ്‌കൂളുകളും കോളേജുകളും ജൂലൈ 31 വരെ തുറക്കില്ല. മെട്രോ സര്‍വീസും ജൂലൈ 31 വരെ ഉണ്ടാകില്ല. ബാറുകള്‍ തുടര്‍ന്നും അടഞ്ഞ് കിടക്കും. സിനിമാ തിയേറ്ററുകളും ജിമ്മുകളും തുറക്കില്ല. പാര്‍ക്കുകള്‍, സ്വിമ്മിങ് പൂളുകള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. ആള്‍ക്കൂട്ടമുള്ള സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക പരിപാടികള്‍ക്ക് വിലക്ക് തുടരും. ബാറുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുവാദമില്ല. രാത്രി സമയത്തെ കര്‍ഫ്യൂ സമയത്തില്‍ കുറവ് അനുവദിച്ചു.

10 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെയാകും കര്‍ഫ്യൂ സമയം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ തുടരും. കടകളില്‍ സ്ഥല സൗകര്യമനുസരിച്ച് അഞ്ചില്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രവേശിക്കാമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

Content Highlight: PM Modi addressed Nation on the second phase of Unlock