ആട്ടിടയന് കൊവിഡ് സ്ഥിരീകരിച്ചു; 47 ആടുകളെ നിരീക്ഷണത്തിലാക്കി

47 goats quarantined after goatherd tests COVID positive in Karnataka

ആട്ടിടയന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ 47 ആടുകളെ നിരീക്ഷണത്തിലാക്കി. കർണാടകയിലെ തുമകുരു ജില്ലയിലെ ഗോഡെകെരെ താലൂക്കിലാണ് ആട്ടിടയന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഗ്രാമത്തിലെ അഞ്ച് ആടുകൾ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തിയതോടെയാണ് ആട്ടിടയൻ്റെ ആടുകളെ പ്രത്യേകം നിരീക്ഷണത്തിലാക്കിയത്. ആട്ടിടയൻ്റെ 47 ആടുകളെ മറ്റ് കന്നുകാലികളുമായുള്ള സമ്പർക്കം തടയുന്നതിനായി ജക്കനഹള്ളിയിലെ പ്രത്യേക സ്ഥലത്താണ് ക്വാറൻ്റൈനിലാക്കിയത്.

ആരോഗ്യ വെറ്ററിനറി അധികൃതർ ഗ്രാമത്തിലെത്തി ആടുകളുടെ സ്രവം പരിശോധനക്കായി ശേഖരിച്ചു. ഇതിനു ശേഷമാണ് ക്വാറൻ്റൈനിലാക്കിയത്. അധികൃതർ എത്തിയതോടെ ഗ്രാമവാസികൾ എതിർപ്പുമായി രംഗത്ത് വന്നിരുന്നു. ആടുകളെ പിടിച്ചു കൊണ്ടു പോകാനെത്തിയതാണെന്നായിരുന്നു ഗ്രാമവാസികൾ കരുതിയത്. എന്നാൽ ആടുകൾക്ക് വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നുവെന്നും പരിശോധന നടത്തണമെന്നുള്ള കാര്യങ്ങൾ അറിയിച്ച് ഗ്രാമവാസികളെ ശാന്തരാക്കി. വിഷയം പഠിച്ചു കൊണ്ടിരിക്കുകയാണെന്നും ചത്ത ആടുകളുടെ പോസ്റ്റുമാർട്ടം ചെയ്യമെന്നും മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി പി മണവണ്ണൻ പറഞ്ഞു.

ആടുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ബെഗുളൂരുവിലെ ഇൻസ്റ്റിറ്റയൂട്ട് ഓഫ് ആനിമൽ ഹെൽത്ത് ആൻഡ് വെറ്റിനറി ബയോളജിക്കൽസിൽ പരിശോധനക്കായി അയച്ചുവെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. മനുഷ്യരിൽ നിന്നും മൃഗങ്ങളിലേക്ക് വൈറസ് പടരുന്നതായി ഇതുവരെ രേഖകളൊന്നുമില്ലെന്നും ബെംഗളൂരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആനിമല്‍ ഹെല്‍ത്ത് ആന്‍‍ഡ് വെറ്ററിനെറി ബയോളജിക്കല്‍സ് ഡയറക്ടർ ഡോ എസ് എം ബൈർഗൌഡ വ്യക്തമാക്കി. പരിശോധന കിറ്റുകൾ ഇവിടെ ലഭ്യമല്ലാത്തതിനാൽ ആടുകളുടെ സ്രവ സാമ്പിൾ പരിശോധനക്കായി ഭോപ്പാലിലേക്ക് അയക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Content Highlights; 47 goats quarantined after goatherd tests COVID positive in Karnataka