ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍: ചൈനക്ക് പിന്തുണയറിയിച്ച് പാകിസ്താന്‍

ഇസ്ലാമാബാദ്: ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തില്‍ ചൈനക്ക് പിന്തുണയുമായി പാകിസ്താന്‍ രംഗത്ത്. സൈനിക നീക്കത്തിലൂടെയാണ് പാകിസ്താന്‍ ചൈനയോടുള്ള പിന്തുണ അറിയിച്ചത്. പിന്തുണയുടെ ഭാഗമായി ഗില്‍ജിത് ബാള്‍ട്ടിസ്താന്‍ മേഖലയില്‍ പാകിസ്താന്‍ സൈന്യത്തെ നിയോഗിച്ചു. 20,000 സൈനികരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം പാക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്നാണ് അതിര്‍ത്തിയിലെ സേനാ വിന്യാസമെന്നാണ് പാകിസ്താന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. ഗില്‍ജിത് അടക്കമുള്ള മേഖലകളില്‍ ചില ഭീകരവാദി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മാധ്യമങ്ങള്‍ ചൂണ്ടികാട്ടുന്നു.

അതേസമയം, ഇന്ത്യയിലുണ്ടായിരുന്ന പാക് ഹൈക്കമ്മീഷന്‍ അംഗങ്ങള്‍ നാട്ടിലേക്ക് മടങ്ങി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണം പകുതിയായി കുറക്കണമെന്ന ഇന്ത്യയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു തീരുമാനം.

Contnet Highlight: Pakistan declares its support to China after India-China conflicts