രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്നു; ആകെ കേസുകള്‍ 6 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ദ്ധന. 19,148 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 500നടുത്ത് കേസുകളാണ് ഒരു ദിവസം കൊണ്ട് ഇന്ത്യയില്‍ ഉയര്‍ന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,04,641 ലേക്ക് ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

434 കൊവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17,834 ആയി. രണ്ടര ലക്ഷത്തോളം പേരാണ് കൊവിഡ് ബാധിച്ച് നിലവില്‍ ചികിത്സയിലുള്ളത്. മൂന്നര ലക്ഷത്തോളം പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായാണ് അതികൃതര്‍ നല്‍കുന്ന വിശദീകരണം.

കൊവിഡ് ഏറ്റവുമധികം ബാധിച്ച മഹാരാഷ്ട്രയിലെ മുംബൈയില്‍ ഇന്നലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. രോഗ വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലായിരുന്നു തീരുമാനം. കൂടാതെ, കൊവിഡ് പ്രതിരോധമെന്ന നിലക്ക് ഡല്‍ഹിയില്‍ ആരംഭിക്കുന്ന പ്ലാസ്മ ബാങ്കിലേക്ക് കൊവിഡ് ഭേദമായവര്‍ പ്ലാസ്മ ദാനം നടത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ തന്നെ ആദ്യത്തെ സംരംഭമാണ് പ്ലാസ്മ ബാങ്ക്.

Content Highlight: Covid Cases in India increases day by day reports 434 Deaths in 24 hours