കൂടുതല്‍ ജാഗ്രതയിലേക്ക് തിരുവനന്തപുരം: ഇന്നു മുതല്‍ അണുനശീകരണം

തിരുവനന്തപുരം: കൊവിഡ് വ്യാപന ഭീക്ഷണി ഉയരുന്ന തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ഇന്ന് മുതല്‍ ജില്ലയില്‍ അണുനശീകരണം ആരംഭിക്കും. സാഫല്യം കോംപ്ലക്‌സിലെ ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ, സാഫല്യം കോംപ്ലക്സ് ഏഴു ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനമായി. പരിസരത്തു വഴിയോര കച്ചവടം അനുവദിക്കില്ല.

കോംപ്ലക്സില്‍ വന്നുപോയവരെ നിരീക്ഷിക്കും. മുന്‍കരുതലുകളുടെ ഭാഗമായി സാഫല്യം കോംപ്ലക്സിനു സമീപത്തുള്ള പാളയം മാര്‍ക്കറ്റിലെ പിറകിലെ വഴിയിലൂടെയുള്ള പ്രവേശനം താല്‍ക്കാലികമായി അവസാനിപ്പിക്കും. പ്രധാന ഗേറ്റില്‍ നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരുടെ നേതൃത്വത്തില്‍ പ്രത്യേക കൗണ്ടര്‍ സ്ഥാപിച്ച് പ്രവേശനം നിയന്ത്രിക്കും. പാളയം മാര്‍ക്കറ്റിന് മുന്‍പിലുള്ള തെരുവോര കച്ചവടങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും.

ജില്ലയില്‍ അഞ്ച് മേഖലകളെകൂടി കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തേക്ക് ഇറങ്ങുന്നതിനെ ജില്ലാ അതികൃതര്‍ വിലക്കിയിട്ടുണ്ട്. തലസ്ഥാനത്ത് അതീവ ജാഗ്രത ആവശ്യമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞു. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ആളുകള്‍ നിരന്തരം വന്ന് പോകുന്ന വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രത്തില്‍ കൂടുതല്‍ കരുതല്‍ ആവശ്യമുണ്ടെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

Content Highlight: Thiruvananthapuram in high restrictions, Covid cases reports with unknown sources