രാജ്യത്ത് കൊവിഡ് രോഗികള്‍ ആറര ലക്ഷത്തിലേക്ക്; ഒറ്റ ദിവസം സ്ഥിരീകരിച്ചത് 20,000ലേറെ കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20,000 കടന്നു. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. പുതിയതായി 20,903 കൊവിഡ് കേസുകളും, 379 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,25,544 ലേക്ക് ഉയര്‍ന്നു. ഇതുവരെ 18,213 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കൊവിഡ് ഏറ്റവുമധികം ബാധിച്ച മഹാരാഷ്ട്രയില്‍ ജൂലൈ 15 വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകള്‍ കൂട്ടം കൂടുന്നതിനും അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നതിനും സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തി. മാഹാരാഷ്ട്രയില്‍ ഇതുവരെ 1,86,629 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ മധുരയുള്‍പ്പെടെയുള്ള പ്രധാന നഗരങ്ങള്‍ ലോക്ക്ഡൗണിലാണ്.

അതേസമയം, രാജ്യത്തെ ആദ്യത്തെ പ്ലാസ്മ ബാങ്ക് ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്നലെ ഉദ്ഘാടനം ചെയ്തു. മറ്റു മരുന്നുകളൊന്നും കൊവിഡ് പ്രതിരോധത്തിന് നിലവിലില്ലാത്തതിനാല്‍ പ്ലാസ്മ ചികിത്സയാണ് ഫലപ്രദമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Content Highlight: India sees highest single-day spike of 20,903 COVID-19 cases, tally reaches 6,25,544