കൊവിഡ്; എറണാകുളത്ത് കടുത്ത ആശങ്ക, ചെല്ലാനം ഹാർബർ അടച്ചു, കൊച്ചിയിൽ അതീവ ജാഗ്രത വേണമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ

Kochi covid situation going worse 

എറണാകുളത്ത് കൊവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കുകയാണ് ജില്ല ഭരണകൂടം. ഇന്നലെ മാത്രം ജില്ലയിൽ 17 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് പകർന്നത്. നിലവിൽ 183 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഉറവിടം അറിയാത്ത കേസുകളും സമ്പർക്ക രോഗബാധയും ജില്ലയിൽ വർധിക്കുന്നുണ്ട്. കൊവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് ചമ്പക്കര മാർക്കറ്റിൽ പൊലീസും കൊച്ചി നഗരസഭാ  ഉദ്യോഗസ്ഥരും പരിശോധന നടത്തി. മാസ്ക് ധരിക്കാതെയും മുന്നറിയിപ്പുകൾ പാലിക്കാതെയും മാർക്കറ്റിലെത്തിയ നിരവധി പേരെ പൊലീസ് കസ്റ്റടിയിലെടുത്തു.

ബ്രോഡ് വേ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ആളുകൾ സാമൂഹിക അകലം  പാലിക്കുന്നില്ല. ഇവിടെ ഉറവിടം വ്യക്തമല്ലാത്ത കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജില്ലയിൽ ലോക്ഡൗൺ ലംഘനത്തിന് ഇന്നലെ 141 കേസുകളിലായി 125 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 33 വാഹനങ്ങൾ പിടിച്ചെടുത്തു. ചെല്ലാനത്തെ മത്സ്യത്തൊഴിലാളിയുടെ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചെല്ലാനം ഹാർബർ അടച്ചു. ഇവർ താമസിച്ചിരുന്ന ചെല്ലാനം ഗ്രാമപഞ്ചായത്തിലെ 15–ാം വാർഡ് കണ്ടെയ്ൻമെൻ്റ് സോണാക്കി. ചെല്ലാനത്തെ സ്വകാര്യ ആശുപത്രിയും അടച്ചു. ഇവർക്ക് രോഗം ബാധിച്ചതിൻ്റെ ഉറവിടം ഇതുവരെ കണ്ടെത്താനായില്ല. 

കൊച്ചിയിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം കൊടുത്തതിൻ്റെ അടിസ്ഥാനത്തിൽ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ആൾക്കൂട്ടം കൂടുന്നതോ യാത്ര ചെയ്യുന്നതോ ഒഴിവാക്കണമെന്ന് ആളുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

content highlights: Kochi covid situation going worse