സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതര്‍ വര്‍ദ്ധിക്കുന്നു; തലസ്ഥാനത്തും കൊച്ചിയിലും കനത്ത ജാഗ്രത

തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തലസ്ഥാനത്തും കൊച്ചിയിലും കനത്ത ജാഗ്രത. കൊവിഡ് വ്യാപനം കണക്കിലെടുത്ത് തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കൊച്ചിയിലും കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യമുണ്ടായാല്‍ ട്രിപ്പിള്‍ പ്രഖ്യാപിക്കുമെന്ന് കമ്മൂഷണര്‍ വിജയ് സാഖറെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ഇന്ന് മുതല്‍ ഒരാഴ്ച്ചത്തേക്ക് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ശന പരിശോധനയാണ് ജില്ലയിലുടനീളം പൊലീസ് നടത്തുന്നത്. നഗരത്തിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം പൊലീസ് അതിര്‍ത്തിയില്‍ തടഞ്ഞു. അവശ്യ സാധനങ്ങള്‍ പൊലീസ് തന്നെ വീട്ടിലെത്തിച്ച് നല്‍കുമെന്നാണ് നിര്‍ദ്ദേശം. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ട്. ആശുപത്രി, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവ മാത്രമായിരിക്കും ഒരാഴ്ച്ചത്തേക്ക് തുറന്ന് പ്രവര്‍ത്തിക്കുക.

അതേസമയം, കൊച്ചിയിലും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച സാഹചര്യം കണക്കിലെടുത്ത് നഗരത്തില്‍ രാവിലെ പൊലീസ് വ്യാപക പരിശോധന നടത്തി. സാമൂഹിക അകലം ഉറപ്പാക്കത്തതിന്റെ പേരില്‍ കലൂരിലെ കട അടപ്പിച്ചു. കടവന്ത്ര മാര്‍ക്കറ്റിലും പൊലീസ് പരിശോധന നടത്തി. അവശ്യ കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശവും പൊലീസ് നല്‍കിയിട്ടുണ്ട്.

കൊച്ചിയില്‍ നിലവില്‍ സമൂഹ വ്യാപനമില്ലെന്നും, ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ വേണ്ടി വന്നേക്കില്ലെന്നുമാണ് എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചത്.

Content Highlight: High Alert declared on Kochi and Thiruvananthapuram during Covid spread through contact