രാജ്യത്ത് കൊവിഡ് രോഗികള്‍ ഏഴേ മുക്കാല്‍ ലക്ഷത്തിലേക്ക്; പുതിയതായി 22,752 രോഗികള്‍

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 22,752 പേര്‍ക്ക് കൂടി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,42,417 ആയി. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന ദിനംപ്രതിയുള്ള വര്‍ദ്ധന ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നിലവില്‍ 2,64,830 രോഗികള്‍ ചികിത്സയിലുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 4,56,830 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്. ഇന്നലെ മാത്രം 482 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ മരണ സംഖ്യ 20,000 കടന്നു. അതേസമയം, ഇതുവരെ 1,04,73,771 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐ.സി.എം.ആര്‍. വ്യക്തമാക്കി. ഇന്നലെ മാത്രം 2,62,679 സാമ്പിളുകളാണ് പരിശോധിച്ചത്.

നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിലെ രോഗികളുടെ എണ്ണം രണ്ടുലക്ഷം കടന്നു. നിലവില്‍ 2,17,121 കോവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്. 1,18,558 പേര്‍ രോഗമുക്തി നേടി. 9,250 പേരാണ് മരിച്ചത്. ചികിത്സയില്‍ തുടരുന്നവരുടെ എണ്ണം-89,313 ആണെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Content Highlight: India sees spike of 22,752 COVID-19 cases, tally reaches 7,42,417