പൂന്തുറയില്‍ 600 സാമ്പിളുകളില്‍ 119 പേര്‍ക്കും രോഗം; എറണാകുളത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സാധ്യത

തിരുവനന്തപുരം: തിരുവന്തപുരം പൂന്തുറയില്‍ ആശങ്കയായി കൊവിഡ് പരിശോധനാ ഫലം. അഞ്ച് ദിവസങ്ങള്‍ കൊണ്ട് പൂന്തുറയില്‍ നിന്ന് ശേഖരിച്ച 600ല്‍ 119 സാമ്പിളുകളുടെയും പരിശോധനാ ഫലം പോസിറ്റീവാണെന്ന് കണ്ടെത്തി. ഇതോടെ ആളുകള്‍ പൂന്തുറയിലേക്ക് എത്തുന്നതിനെ തടഞ്ഞ്, അതിര്‍ത്തികള്‍ അടച്ചിട്ടു.

പ്രദേശത്തെ ജനങ്ങള്‍ക്ക് ആവശ്യമായ സഹായം ഉറപ്പ് വരുത്തുമെന്ന് ജില്ലാ കളക്ടറും മുഖ്യമന്ത്രിയും അറിയിച്ചിട്ടുണ്ട്. കൊവിഡ് വ്യാപന ഭീക്ഷണി തടയുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്. കൂടുതല്‍ ആളുകളിലേക്ക് പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം. കടല്‍ വഴി പൂന്തുറയില്‍ എത്താന്‍ സാധ്യതയുള്ളവരെയും തടയും. പൂന്തുറയില്‍ ഒരാളില്‍ നിന്ന് 120 ഓളം പേര്‍ക്ക് പ്രാഥമിക സമ്പര്‍ക്കവും 150ഓളം പേര്‍ പുതിയ സമ്പര്‍ക്കത്തിലും വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും പൊലീസ് മേധാവിയും തിരുവനന്തപുരം ജില്ലാ കലക്ടറും സ്ഥിതിഗതികള്‍ വിലയിരുത്തി. അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

അതേ സമയം, എറണാകുളം ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കും. ഇന്ന് വൈകീട്ടോടെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. മുന്നറിയിപ്പുകള്‍ നല്‍കാതെയായിരിക്കും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. വൈറസിന്റെ വ്യാപനം വേഗത്തിലാണെന്നും ലോക്ക്ഡൗണിനെക്കുറിച്ച് വിദഗ്ധരുടെ അഭിപ്രായം തേടി തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.

Content Highlight: Strict restrictions imposed on Thiruvananthapuram Poonthura on hike of Covid cases