‘കൊവിഡ് വായുവിലൂടെ പകരും’; കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചതായി ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ് 19 ന് കാരണമായ വൈറസ് വായുവിലൂടെ പകരുമെന്ന ഡോക്ടര്‍മാരുടെ കണ്ടെത്തലിന് പിന്തുണയറിയിച്ച് ലോകാരോഗ്യ സംഘടന. വായുവീലൂടെ വൈറസ് പകരുമെനന്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചത്. പ്രതീക്ഷിച്ചതിലും ശക്തമായ വളര്‍ച്ചയാണ് വൈറസില്‍ നടന്നിരിക്കുന്നതെന്നും കൊവിഡ് രോഗികളുടെ എണ്ണമിനിയും വര്‍ദ്ധിക്കാനാണ് സാധ്യതയെന്നും സംഘടന പറഞ്ഞു.

അന്താരാഷ്ട്ര തലത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് കഴിഞ്ഞ ദിവസം കൊവിഡ് വായുവിലൂടെ പടരുമെന്ന് കാണിച്ച് ലോകാരോഗ്യ സംഘടനക്ക് റിപ്പോര്‍ട്ട് നല്‍കിയത്. വിഷയത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ശാസ്ത്രീയമായ റിപ്പോര്‍ട്ട് നല്‍കാനാകുമെന്നും രണ്ട് മീറ്റര്‍ വരെ ദൂരത്തില്‍ വൈറസിന് സഞ്ചരിക്കാനാകുമെന്നാണ് കണ്ടെത്തലെന്നും ലോകാരോഗ്യ സംഘടന ചൂണ്ടികാട്ടി. അതുകൊണ്ട് തന്നെ കൊവിഡ് പ്രതിരോധത്തില്‍ 2 മീറ്റര്‍ സാമൂഹിക അകലം ഏറ്റവും അത്യാവശ്യമായ ഘടകമാണെന്നും സംഘടന വിലയിരുത്തി.

തുടക്കത്തില്‍ 12 ആഴ്ച്ചകള്‍ കൊണ്ടാണ് നാല് ലക്ഷത്തോളം കേസുകള്‍ സ്ഥിരീകരിച്ചിരുന്നതെങ്കില്‍ ഇന്ന്, ഓരോ ആഴ്ച്ചയിലും നാല് ലക്ഷത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും മഹാമാരി കുറയുന്നതിന്റെ ലക്ഷണങ്ങളൊന്നും തന്നെ കാണുന്നില്ലെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെദ്രോസ് ഗബ്രിയേസസ് പറഞ്ഞു. എങ്കിലും നമ്മള്‍ ഇതുവരെ രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയിലെത്തിയിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.

അതേസയം, ലോകത്താകെ ഇതുവരെ 11,955,852 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയിലാണ് ഏറ്റവുമധികം കൊവിഡ് ബാധിതരുള്ളത്. രണ്ടാം സ്ഥാനത്തുള്ള ബ്രസില്‍ പ്രസിഡന്റിനും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയാണ് രോഗബാധിതരില്‍ മൂന്നാമത്. ഇന്ത്യയില്‍ ഇന്നലെ മാത്രം 22,752 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.

Content Highlight: WHO Acknowledges “Emerging Evidence” Of Airborne Spread Of Corona Virus