സ്വര്‍ണകടത്ത് കേസ്: സരിത്തിനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു; താന്‍ നിരപരാധിയെന്ന് ജാമ്യാപേക്ഷയില്‍ സ്വപ്ന

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പിആര്‍ സരിത്തിനെ കസ്റ്റഡിയില്‍ വിട്ടു. ഏഴ് ദിവസത്തേക്ക് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയാണ് സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടത്. സരിത്തിന്റെ ജാമ്യാപേക്ഷ 13ന് പരിഗണിക്കും. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിന് സരിത്തിനെ കസ്റ്റഡിയില്‍ വേണമെന്ന് കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി. ഇതോടെയാണ് സരിത്തിനെ കസ്റ്റഡിയില്‍ വിടാന്‍ കോടതി നിര്‍ദേശിച്ചത്.

സരിത്തിന്റെ ഫോണ്‍ വിവരങ്ങള്‍ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ളവരുടെ വിവരങ്ങള്‍ ഫോണില്‍ നിന്ന് കണ്ടെത്താന്‍ കഴിയുമെന്നാണ് നിഗമനം. സംഘത്തില്‍ ആരൊക്കെ പ്രവര്‍ത്തിച്ചുവെന്നും ഇടപാടുകാര്‍ ആരെല്ലാം ആണെന്നുമാണ് കസ്റ്റംസ് പ്രധാനമായും അന്വേഷിക്കുന്നത്. ആര്‍ക്ക് വേണ്ടിയാണ് സ്വര്‍ണം എത്തിച്ചതെന്നും വിശദമായി അന്വേഷിക്കും.

അതിനിടെ, സ്വര്‍ണക്കടത്ത് കേസില്‍ നിരപരാധിയെന്ന് സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി. ഒരു ക്രിമിനല്‍ പശ്ചാത്തലവും ഇല്ലാത്ത വ്യക്തിയാണ് താന്‍. തന്റെ മുന്‍ പരിചയം അറ്റാഷെ പ്രയോജനപ്പെടുത്തിയെന്നും സ്വപ്ന വ്യക്തമാക്കുന്നു. യോഗ്യത സംബന്ധിച്ച കോണ്‍സുലേറ്റിന്റെ സാക്ഷ്യപത്രം വ്യാജമല്ലെന്നും സ്വപ്‌ന പറഞ്ഞു. നിലവിലെ വാര്‍ത്തകളെല്ലാം മാധ്യമ സൃഷ്ടിയാണെന്നും ഒളിവില്‍ കഴിയുന്ന സ്വപ്‌ന ജാമ്യാപേക്ഷയില്‍ പറഞ്ഞു.

Content Highlight: Gold Smuggling accused Sarith under 7 days Customs custody