രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്; സമ്പര്‍ക്ക പട്ടികയില്‍ ആയിരങ്ങള്‍; പത്തനംതിട്ട നഗരസഭ കണ്ടെയ്ന്‍മെന്റ് സോണാക്കി

പത്തനംതിട്ട: പത്തനംതിട്ടയില്‍ ആശങ്കയായി രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്. ജില്ലയില്‍ തുടര്‍ച്ചയായി രാഷ്ടരീയ പ്രവര്‍ത്തകരില്‍ രോഗം കണ്ടെത്തിയതോടെയാണ് ആശങ്കയേറിയത്. ഇതേ തുടര്‍ന്ന് കൊവിഡ് സ്ഥിരീകരിച്ച രാഷ്ട്രീയ പ്രവര്‍ത്തകരെ ക്വാറന്റീനിലേക്ക് മാറ്റി. കൊവിഡ് സ്ഥിരീകരിച്ച എം.എസ്.എഫ്. നേതാവിന്റെ സമ്പര്‍ക്ക പട്ടികയില്‍ ആയിരത്തോളം പേരെ കണ്ടെത്തിയതിനെ തുടര്‍ന്ന് പത്തനംതിട്ട നഗരസഭ കണ്ടെയ്ന്‍മെന്റ് സോണാക്കി.

രോഗം സ്ഥിരീകരിച്ച സിപിഎം ഏരിയാ കമ്മിറ്റി നേതാവ് പാര്‍ട്ടി മീറ്റിംഗിലും പെട്രോള്‍ ഡീസല്‍ വിലവര്‍ധനവിനെതിരെ ജില്ലയില്‍ നടന്ന വിവിധ സമര പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തിന്റെ വീടിന്റെ പാലുകാച്ചലിലും ഇദ്ദേഹം പങ്കെടുത്തതായാണ് അറിവ്. എംഎസ്എഫ് നേതാവിന്റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ആയിരത്തോളം പേര്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍.

ജില്ലയില്‍ ഇതുവരെ 393 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരാളാണ് ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ ദിവസമാണ് എംഎസ്എഫ് നേതാവിനും സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനും കൊവിഡ് സ്ഥിരീകരിച്ചത്. റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ആശുപത്രിയിലെത്തിയ രോഗികളോട് നിരീക്ഷണത്തില്‍ കഴിയാന്‍ അറിയിച്ചിരുന്നു.

Content Highlight: Pathanamthitta Corporation declared as containment zone after Covid test positive on Political Leaders