ഭയപ്പെടാനില്ല, വായുവില്‍ കൂടി കൊവിഡ് പടരുന്നത് ഗുരുതരമായ അവസ്ഥയല്ലെന്ന് ലോകാരോഗ്യ സംഘടന

ജനിവ: കൊവിഡ് 19 വായുവിലൂടെയും പടരുമെന്ന പഠനത്തിന് പിന്നാലെ ആശങ്ക. കൊവിഡ് വായുവിലൂടെ പടരുമെന്ന ഗവേഷകരുടെ റിപ്പോര്‍ട്ടിന് പിന്നാലെ ലോകാരോഗ്യ സംഘടനയും തെളിവുകളുണ്ടെന്ന് പ്രഖ്യാപിച്ചതോടെയാണ് ആശങ്ക ഇരട്ടിച്ചത്. എന്നാല്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇത് അത്ര കണ്ട് അപകടകാരിയല്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വായുവില്‍ കൂടി പകര്‍ന്ന് വളരെ വേഗം മറ്റൊരാളില്‍ എത്തിച്ചേരാന്‍ സാധ്യതയുള്ള അഞ്ചാം പനി പോലെ ഇവ മാരകമല്ലെന്നാണ് പുതിയ വെളിപ്പെടുത്തല്‍.

32 രാജ്യങ്ങളില്‍ നിന്നുള്ള 230 ഗവേഷകര്‍ ചേര്‍ന്നാണ് കൊവിഡ് വായുവിലൂടെയും പടരുമെന്നതിനുള്ള തെളിവ് ശേഖരിച്ച് ലോകാരോഗ്യ സംഘടനക്ക് കത്തയച്ചത്. ഇത് ശരിവെച്ച് ലോകാരോഗ്യ സംഘടനയും രംഗത്തെത്തിയിരുന്നു. 2മീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധ്യതയുള്ള വൈറസാണിതെന്നും സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണമെന്നും സംഘടന വ്യക്തമാക്കിയിരുന്നു.

എന്നാല്‍, എല്ലായിടത്തും ഇങ്ങനെ സംഭവിക്കില്ലെന്നും പ്രത്യേക ഇടങ്ങളില്‍ ചില സാഹചര്യങ്ങളില്‍ മാത്രമാണ് ഈയൊരു രീതിയിലുള്ള രോഗപ്പകര്‍ച്ച ഉണ്ടാവുകയെന്നാണ് ഇവര്‍ പറയുന്നത്. അഞ്ചാംപനി പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസുകള്‍ വായുവില്‍ കൂടുതല്‍ കാലം നിലനില്‍ക്കാന്‍ സാധിക്കുന്നവയാണ്. ഇവ വളരെവേഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരും. എന്നാല്‍ കോവിഡിന്റെ കാര്യത്തില്‍ എയ്റോസോള്‍ മുഖേനെ മാത്രമേ വായുവില്‍കൂടി രോഗപ്പകര്‍ച്ചയുണ്ടാകുവെന്ന് ഡോ. സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കുന്നു.

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്ത് വരുന്ന ശ്രവകണങ്ങള്‍ ഭാരകൂടുതല്‍ കൊണ്ട് അധികനേരം അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കാനാവാതെ താഴേക്ക് പതിക്കും, എന്നാല്‍ സംസാരിക്കുമ്പോഴും, ശ്വാസം പുറത്തുവിടുമ്പോഴുമുണ്ടാകുന്ന കണങ്ങള്‍ അഞ്ച് മൈക്രോണില്‍ താഴെയായതിനാല്‍ അന്തരീക്ഷത്തില്‍ 10-15 മിനിറ്റോളം തങ്ങി നില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ഡോ. സൗമ്യ പറഞ്ഞു. ഈ സമയത്ത് ഇവ ശ്വസിക്കുന്നതിലൂടെയാണ് മറ്റുള്ളവരിലേക്കും രോഗം പടരാന്‍ സാധ്യത. എന്നാല്‍, ഇവ എപ്പോഴും സംഭവിക്കണമെന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ, അടുത്തിടപഴകുന്നതിലൂടെയോ ആണ് കൊവിഡ് പടരാന്‍ സാധ്യത കൂടുതലെന്ന വാദമാണ് ലോകാരോഗ്യ സംഘടന മുന്നോട്ട് വെക്കുന്നത്. സാമൂഹ്യ അകലമുള്‍പ്പെടെയുള്ള രീതികളാണ് രോഗം തടയാനുള്ള മികച്ച രീതിയെന്നും അവര്‍ വ്യക്തമാക്കി.

Content Highlight: WHO explained about the airborne spread of Covid Virus