പൂന്തുറയിൽ ലോക്ഡൗൺ ലംഘിച്ച് പ്രതിഷേധവുമായി ജനങ്ങൾ റോഡിലിറങ്ങി

lock down viloation in poonthura

പൂന്തുറയിൽ ചെരിയ മുട്ടത്ത് ലോക്ക്ഡൌൺ വിലക്ക് ലംഘിച്ച ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. ക്വാറൻ്റൈൻ കേന്ദ്രത്തിലേക്ക് മാറ്റിയവർക്ക് സൌകര്യങ്ങൾ നൽകിയില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധവുമായി ആളുകൾ എത്തിയത്. പ്രദേശത്ത് പാചക വാതകം ഉൾപെടെയുള്ള അവശ്യ വസ്തുക്കൾ ലഭിക്കുന്നില്ലെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. പിന്നീട് പോലീസെത്തി ജനങ്ങളെ പിരിച്ചു വിട്ടു. പൂന്തുറയിൽ സൂപ്പർ സ്പ്രെഡ് നടന്ന സാഹചര്യത്തിൽ പ്രത്യേക ക്ലസ്റ്ററാക്കി പരിശോധനയും പ്രതിരോധ നടപടികളും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

പ്രദേശത്തെ ജനങ്ങളെ പ്രത്യേക ക്ലസ്റ്ററുകളായി തിരിച്ച് പരിശോധന നടത്തുവാനും തീരുമാനിച്ചു. പൂന്തുറയിൽ ആളുകൾ പുറത്തിറങ്ങുന്നത് നിരീക്ഷിക്കുന്നതിനായി കമാൻഡോകൾ ഉൾപെടെ 500 ലധികം പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. മൂന്ന് വാർഡുകൾ കണ്ടെൻ്റ്മെൻ്റ് സോണുകളായും, ചുറ്റുമുള്ള അഞ്ച് വാർഡുകൾ അതി തീവ്ര കണ്ടെൻ്റ്മെൻ്റ് സോണായും തിരിച്ചിട്ടുണ്ട്. അടുത്തടുത്ത് ആളുകൾ തിങ്ങി പാർക്കുന്ന തീരദേശ മേഖലയായതു കൊണ്ട് രോഗ വ്യാപന സാധ്യത വളരെ കൂടുതലാണെന്നാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും വ്യക്തമാക്കുന്നത്. എന്നാൽ അവശ്യ വസ്തുക്കളൊ, അത്യവശ്യ ചികിത്സയോ ലഭ്യമാകാത്ത സാഹചര്യമാണെന്നാണ് നാട്ടുകാരുടെ ആരോപണം.

Content Highlights; lock down viloation in poonthura