കൊവിഡ് ലോകത്തെ നിലവിലുള്ള സാഹചര്യത്തെ മുഴുവന്‍ തകിടം മറിച്ചു: ആര്‍.ബി.ഐ. ഗവര്‍ണര്‍

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധി ലോകത്തിലെ നിലവിലുള്ള മുഴുവന്‍ സാഹചര്യങ്ങളെയും തകിടം മറിച്ചതായി ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ആഗോള മൂല്യ ശൃംഗലയെകൊവിഡ് വലിയ രീതിയില്‍ തന്നെ ബാധിച്ചെന്നും ഏഴാമത് എസ്ബിഐ ബാങ്കിങ് ആന്‍ഡ് ഇക്കണോമിക് കോണ്‍ക്ലേവില്‍ പങ്കെടുത്ത ഗവര്‍ണര്‍ പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു കോണ്‍ക്ലേവ്.

കഴിഞ്ഞ 100 വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ ആരോഗ്യ, സാമ്പ്തതിക സ്ഥിതിയാണ് കൊവിഡ് സൃഷ്ടിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തിരിച്ച് കൊണ്ടു വരാന്‍ ആര്‍ബിഐ കൂടുതല്‍ പദ്ധതികള്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറക്കുന്നതിലൂടെ ഒരു പരിധി വരെ സാമ്പത്തിക മാന്ദ്യത്തെ മറി കടക്കാനാകുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. 2019 ഫെബ്രുവരി മുല്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചിരുന്നു.

കൊവിഡ് മൂലം തൊഴില്‍ മേഖലയിലും ഉത്പാദനത്തിലും വലിയ തിരിച്ചടി നേരിട്ടതായി അദ്ദേഹം ചൂണ്ടികാട്ടി. ഏറ്റവും വലിയ സാമ്പത്തിക പരീക്ഷണത്തിലൂടെ കടന്നു പോകുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പുനഃരുജ്ജീവിപ്പിക്കുകയാണ് ആര്‍.ബി.ഐയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Covid is the worst health and economic crisis in the last 100 years says RBI Governor