കൊവിഡ് പ്രതിസന്ധി; സർവകലാശാല പരീക്ഷകളെല്ലാം റദ്ദാക്കി ഡൽഹി സർക്കാർ

Delhi govt cancels all state university exams amid Covid-19 crisis

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഡൽഹി ഗവൺമെൻ്റിന് കീഴിലുള്ള സർവകലാശാലകളിലെ എല്ലാ പരീക്ഷകളും റദ്ദാക്കിയതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.അതാത് സർവകലാശാലകൾ നിശ്ചയിക്കുന്ന മൂല്യനിർണ്ണയ വ്യവസ്ഥകൾ അനുസരിച്ച് വിദ്യാർത്ഥികൾക്ക് ഡിഗ്രി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. അവസാന വർഷ പരീക്ഷകൾ ഉൾപ്പെടെയാണ് റദ്ദാക്കിയത്. 

ഡൽഹി സർക്കാർ സ്കൂളുകളും കോളേജുകളും ഉടൻ തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 9ാം ക്ലാസുമുതൽ 11ാം ക്ലാസു വരെയുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ നടത്താതെ ഇൻ്റേണൽ മാർക്കിൻ്റെ അടിസ്ഥാനത്തിൽ ജയിപ്പിക്കും. ഇതേ രീതി തന്നെ സിബിഎസിഇയ്ക്കും പിൻതുടരണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിസോദിയ പറഞ്ഞു.ഈ സമയത്ത് കോളേജുകളിൽ പ്രാക്ടിക്കൽ പരീക്ഷകളും ലാബ് റിസേർച്ചുകളും നടത്തുക എന്നത് യൂണിവേഴ്സിറ്റികൾക്ക് വലിയ വെല്ലുവിളിയാണ്. ക്ലാസുകൾ നടക്കാതെ പരീക്ഷകൾ നടത്തുന്നതിൽ അർത്ഥമില്ലെന്നും ഡിഗ്രി പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ ജോലി ലഭിച്ച വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ എത്രയും വേഗം നൽകുമെന്നും  സിസോദിയ വ്യക്തമാക്കി. 

അംബേദ്കർ യൂണിവേഴ്സിറ്റി, ഗുരു ഗോവിന്ദ് സിംഗ് ഇന്ദ്രപ്രസ്ഥ സർവകലാശാല, ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, നേതാജി സുഭാഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഇന്ദിരാഗാന്ധി ഡൽഹി ടെക്നിക്കൽ യൂണിവേഴ്സിറ്റി ഫോർ വിമൻ , നാഷണൽ ലോ യൂണിവേഴ്സിറ്റി തുടങ്ങിയ യൂണിവേഴ്സിറ്റികൾക്കെല്ലാം സർക്കാരിൻ്റെ പുതിയ തീരുമാനം ബാധിക്കും. 

content highlights: Delhi govt cancels all state university exams amid Covid-19 crisis